ന്യൂഡൽഹി: അനിയന്ത്രിതമായ വിമാന ടിക്കറ്റ് നിയന്ത്രിക്കാൻ കഴിയാത്ത കേന്ദ്ര സർക്കാറിനെ പ്രതിരോധത്തിലാക്കി ഷാഫി പറമ്പിലിന്റെ പ്രമേയം ലോക്സഭ വീണ്ടും രണ്ടര മണിക്കൂർ നേരം ചർച്ചക്കെടുത്തു.
സാധാരണ ഗതിയിൽ ഒരു സ്വകാര്യ പ്രമേയത്തിന് അനുവദിക്കുന്ന രണ്ട് മണിക്കൂർ ചർച്ച ചെയ്തു കഴിഞ്ഞ ഷാഫിയുടെ സ്വകാര്യ പ്രമേയത്തിൽ 12 ഭരണ- പ്രതിപക്ഷ എം.പിമാർ കൂടി സംസാരിക്കാൻ ബാക്കിയുള്ള സാഹചര്യത്തിലാണ് വീണ്ടും ആ പ്രമേയത്തിൽ ചർച്ചക്ക് രണ്ട് മണിക്കൂർ കൂടി സ്പീക്കർ ഓം ബിർള അനുവദിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രിയെ രണ്ടര മണിക്കൂറോളം സഭയിൽ ഇരുത്തിയായിരുന്നു ഷാഫിയുടെ പ്രമേയത്തിലുള്ള ലോക്സഭ ചർച്ച. പ്രതിപക്ഷത്തുനിന്ന് കെ.സി. വേണുഗോപാലും ഡീൻ കുര്യാക്കോസും മഹുവ മൊയ്ത്രയും ചന്ദ്രശേഖർ ആസാദും അടക്കമുള്ളവർ സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയപ്പോൾ ഭരണപക്ഷത്തുനിന്ന് രാജീവ് പ്രതാപ് റൂഡിയും നിഷികാന്ത് ദുബെയും പ്രവീൺ പട്ടേലും തീർത്ത പ്രതിരോധം ദുർബലമായി.
കൊച്ചിയിൽനിന്ന് ജിദ്ദയിലേക്ക് 60,000 രൂപ വാങ്ങുന്ന ദിവസം അതിനേക്കാൾ ദൂരം കുറവായിട്ടും കോഴിക്കോട്ടുനിന്ന് ഒരു ലക്ഷം രൂപ ഈടാക്കുകയാണ്. ഇതുമൂലം കോഴിക്കോട്ടെ യാത്രക്കാരൻ കണ്ണൂരിലേക്കോ കൊച്ചിയിലേക്കോ പോകേണ്ടിവരുകയാണെന്ന് പറഞ്ഞ വേണുഗോപാൽ അവരെ ശിക്ഷിക്കുന്നതെന്തിനാണെന്ന് ചോദിച്ചു. ഉത്സവ സീസണിലേയും അവധിക്കാലത്തേയും അനിയന്ത്രിതമായ വിമാന ടിക്കറ്റ് വര്‍ധന നിരക്ക് തടയാന്‍ നടപടി വേണമെന്ന് പ്രമേയ ചർച്ചയിൽ ഡീൻ കൂര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. ഫ്ലക്സി ഫെയറിന്റെ പേരിൽ നടക്കുന്നത് ചൂഷണമാണെന്നും സർക്കാർ സ്വത്ത് സ്വകാര്യ കമ്പനികൾക്ക് കൊള്ളയടിക്കാനായി കൊടുക്കരുതെന്നും ബിഹാറിൽനിന്നുള്ള സി.പി.ഐ (എം.എൽ) എം.പി രാജ റാം സിങ് അഭിപ്രായപ്പെട്ടു.