ചെന്നൈ: ഐ.പി.എല്ലിലെ അയൽപോരിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനായി ഒരറ്റത്ത് ഓപ്പണർ ഫിൽ സാൾട്ട് തകർത്തടിക്കുമ്പോഴും മറുവശത്ത് സൂപ്പർതാരം വിരാട് കോഹ്ലി റണ്ണെടുക്കാൻ പ്രയാസപ്പെടുന്നതാണ് കണ്ടത്. മത്സരത്തിൽ 30 പന്തിൽ 31 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. ഒരു സിക്സും രണ്ടു ഫോറും മാത്രമാണ് താരത്തിന് നേടാനായത്.
നായകൻ രജത് പട്ടീദാറിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയുടെ ബാലത്തിലാണ് ടീം സ്കോർ 196ലെത്തിയത്. നൂർ അഹ്മദ് എറിഞ്ഞ 13ാം ഓവറിൽ രചിൻ രവീന്ദ്രക്ക് ക്യാച്ച് നൽകിയാണ് കോഹ്ലി പുറത്തായത്.
മത്സരത്തിനിടെ സി.എസ്.കെ പേസർ മനീഷ പതിരന എറിഞ്ഞ 11ാം ഓവറിലെ ആദ്യ പന്ത് ബൗൺസറായിരുന്നു. താരം വലിയ ഷോട്ടിനു ശ്രമിച്ചെങ്കിലും ബാറ്റിൽ കൊണ്ടില്ല, പന്ത് പതിച്ചത് ഹെൽമറ്റിൽ. പിന്നാലെ വൈദ്യ സംഘമെത്തി താരത്തിന് സഹായം നൽകി.
ആത്മവിശ്വാസം വീണ്ടെടുത്ത കോഹ്ലി വീണ്ടും ബാറ്റിങ്ങിന്. പതിരയുടെ രണ്ടാം പന്തും സമാരീതിയിൽ ഷോട്ട് പിച്ച്, ഫൈൽ ലെഗിലേക്ക് സിക്സർ പറത്തിയാണ് താരം മറുപടി നൽകിയത്. പിന്നാലെ താരം നടത്തിയ റിയാക്ഷനും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ആ ഓവറിൽ മിഡ് വിക്കറ്റിലൂടെ ഒരു ബൗണ്ടറിയും നേടി. പതിരനയുടെ ഓവർ നേരിടുന്നതിനു മുമ്പ് 22 പന്തിൽ 16 റൺസെന്ന നിലയിലായിരുന്നു കോഹ്ലി. ആ ഓവറിൽ നേടിയ ബൗണ്ടറികളാണ് താരത്തെ പന്തും റൺസും തമ്മിലുള്ള അന്തരം മറികടക്കാൻ സഹായിച്ചത്.
ഐ.പി.എല്ലിൽ 17 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബംഗളൂരു ചെന്നൈയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്കിൽ ഒരു വിജയം നേടുന്നത്. 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൂപ്പർ കിങ്സിന്റെ ഇന്നിങ്സ് 146ൽ അവസാനിച്ചു. മുൻനിര ബാറ്റർമാർ നിരാശപ്പെടുത്തിയതും മികച്ച പാർട്നർഷിപ്പ് കണ്ടെത്താനാകാത്തതും ചെന്നൈക്ക് തിരിച്ചടിയായത്. 41 റൺസ് നേടിയ രചിൻ രവീന്ദ്രയാണ് അവരുടെ ടോപ് സ്കോറർ. ഐ.പി.എൽ ആദ്യ സീസണു ശേഷം ആദ്യമായാണ് ബംഗളൂരു ടീം ചെന്നൈയിൽ ജയിക്കുന്നത്. സ്കോർ: റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു – 20 ഓവറിൽ ഏഴിന് 196, ചെന്നൈ സൂപ്പർ കിങ്സ് – 20 ഓവറിൽ എട്ടിന് 146.