മോസ്കോ: യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്നതിനും പ്രധാന കരാറുകളിൽ ഒപ്പുവെക്കാനും യുക്രെയ്‌നെ ഒരു താൽക്കാലിക ഭരണ സംവിധാനത്തിനു കീഴിലാക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. യു.എന്നിന്റെ കീഴിലുള്ള താൽക്കാലിക ഭരണത്തിന് കീഴിൽ കൊണ്ടുവരാൻ പുടിൻ നിർദ്ദേശിച്ചതായി റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ടെലിവിഷൻ ചർച്ചയിൽ റഷ്യൻ ആണവ അന്തർവാഹിനിയിലെ ജീവനക്കാരോട് സംസാരിച്ച പുടിൻ കഴിഞ്ഞ വർഷം കാലാവധി അവസാനിച്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിക്ക് ഒരു സമാധാന കരാറിൽ ഒപ്പുവെക്കാനുള്ള നിയമസാധുതയില്ലെന്ന തന്റെ വാദം വീണ്ടും ആവർത്തിച്ചു. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്താനും ജനങ്ങൾക്ക് വിശ്വാസമുള്ള ഒരു പ്രായോഗിക സർക്കാറിനെ അധികാരത്തിൽ കൊണ്ടുവരാനും പിന്നാലെ സമാധാന ഉടമ്പടി ചർച്ചകൾ നടത്തുന്നതിനും ഇത് രാജ്യത്തെ പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെലൻസ്കിയുടെ ഔദ്യോഗിക കാലാവധി 2024 മെയ് മാസത്തില്‍ അവസാനിച്ചതിനാല്‍ രാജ്യത്ത് പുതിയൊരു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്ന് പുടിന്‍ പറഞ്ഞതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാലാവധി അവസാനിച്ചിട്ടും ഭരണത്തിൽ തുടരുന്നതിൽ പുടിൻ നേരത്തെയും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്
ഡോണാൾഡ് ട്രംപ് യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തുന്നതായും സമാധാനം കൊണ്ടുവരാനും ആഗ്രഹിക്കുന്നുവെന്ന് പുടിന്‍ വ്യക്തമാക്കി.