ടെഹ്‌റാൻ: ലോകത്തെ ഞെട്ടിച്ച് കൊണ്ട് ഭൂഗർഭ മിസൈൽ കേന്ദ്രത്തിന്റെ വീഡിയോ പുറത്തുവിട്ട് ഇറാൻ. ആണവ പദ്ധതികൾ നിർത്തിവെയ്ക്കണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആയുധശേഖരത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോ ഇറാൻ ലോകത്തിന് കാണിച്ച് കൊടുത്തത്. നിലവിൽ പുറത്തുവന്ന ഭൂഗർഭ മിസൈൽ കേന്ദ്രം ഉൾപ്പെടെ മൂന്ന് മിസൈൽ കേന്ദ്രങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
മിസൈൽ കേന്ദ്രത്തിന്റെ 85 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇറാൻ സൈന്യമായ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ( ഐ.ആർ.ജി.സി) ആണ് പുറത്തുവിട്ടിട്ടുള്ളത്. ഖൈബർ ഷെഖാൻ, ഖാദർ- എച്ച്, സെജിൽ, പവെ തുടങ്ങി ഇറാൻ സ്വന്തമായി വികസിപ്പിച്ച മിസൈലുകളുടെ ശേഖരമാണ് ഈ ഭൂഗർഭ കേന്ദ്രത്തിലുള്ളത്. ഈ മിസൈലുകളാണ് ഇസ്രയേലിനെ ആക്രമിക്കാനായി ഇറാൻ പ്രയോഗിച്ചിരുന്നത്. 2020-ലാണ് ഇറാൻ ആദ്യമായി തങ്ങളുടെ ഭൂഗർഭ മിസൈൽ കേന്ദ്രത്തെ പരസ്യപ്പെടുത്തിയത്. മൂന്ന് വർഷത്തിന് ശേഷം മറ്റൊരു കേന്ദ്രത്തിന്റെ വിവരങ്ങളും പുറത്ത് വിട്ടു. ഇതിൽ യുദ്ധവിമാനങ്ങളുൾപ്പെടെ സൂക്ഷിക്കാനുള്ള സംവിധാനങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് മൂന്നാമതൊരു ഭൂഗർഭ ആയുധകേന്ദ്രം കൂടിയുണ്ട് എന്ന് ഇറാൻ വെളിപ്പെടുത്തിയിരിക്കുന്നത്.

