ജറൂസലം: ഓസ്കർ പുരസ്കാരം നേടിയ ഡോക്യുമെന്ററി ചിത്രം ‘നോ അതർ ലാൻഡി’ന്റെ സഹസംവിധായകരിലൊരാളായ ഫലസ്തീനിയൻ പൗരൻ ഹംദാൻ ബല്ലാലിനുനേർക്ക് ഇസ്രായേൽ കുടിയേറ്റക്കാരുടെ ആക്രമണം. വെസ്റ്റ് ബാങ്കിലാണ് സംഭവം. ബല്ലാലിനെ പിന്നീട് ഇസ്രായേൽ സൈന്യം കൊണ്ടുപോവുകയും ചെയ്തു. സുസിയ ഗ്രാമത്തിലാണ് ബല്ലാൽ ഉൾപ്പെടെ മൂന്നു ഫലസ്തീനികളെ സൈന്യം പിടികൂടിയതെന്ന് ഇവരുടെ അറ്റോണി ലിയ ടിസെമെൽ പറഞ്ഞു.
ഇവരെ ചികിത്സക്കായി സൈനിക കേന്ദ്രത്തിലെത്തിച്ചെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, ഇവരെ ബന്ധപ്പെടാനാകുന്നില്ലെന്നും യാതൊരു വിവരവുമില്ലെന്നും അറ്റോണി പറഞ്ഞു. ഡോക്യുമെന്ററിയുടെ മറ്റൊരു സഹ സംവിധായകൻ ബെയ്സൽ അദ്ര ആക്രമണത്തിന് ദൃക്സാക്ഷിയാണ്. രണ്ടു ഡസനോളം കുടിയേറ്റക്കാർ തോക്കും മറ്റുമായി വന്ന് ഗ്രാമത്തിൽ ആക്രമണം നടത്തുകയായിരുന്നെന്ന് അദ്ര പറഞ്ഞു. കിര്യത്ത് അർബയിലെ പോലീസ് സ്റ്റേഷനിൽ നിന്ന് ചൊവ്വാഴ്ച ഉച്ചക്ക് ശേഷം ബല്ലാലിനെയും മറ്റ് രണ്ട് ഫലസ്തീനികളെയും വിട്ടയച്ചു. മുഖത്ത് മർദനമേറ്റ പാടുകളുണ്ടായിരുന്ന മൂന്ന് പേരെയും ആശുപത്രിയിലേക്ക് മാറ്റി.