ബ്യൂണസ് ഐറിസ്: 2026ലെ ഫുട്ബാൾ ലോകകപ്പിന് യോഗ്യത നേടി നിലവിലെ ചാമ്പ്യന്മാരായ അർജന്‍റീന. ഉറുഗ്വായ്-ബൊളീവിയ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചതോടെയാണ് അർജന്റീന യോഗ്യത ഉറപ്പിച്ചത്. യോഗ്യത നേടുന്ന ആദ്യ ലാറ്റിനമേരിക്കൻ രാജ്യമാണ്.
13 മത്സരങ്ങളിൽനിന്ന് 28 പോയന്‍റാണ് അർജന്‍റീനക്ക്. അടുത്തവർഷം ജൂൺ 11 മുതൽ ജൂലൈ 19 വരെ നടക്കുന്ന ലോകകപ്പിന് കാനഡ, മെക്സിക്കോ, യു.എസ് എന്നീ രാജ്യങ്ങളാണ് വേദിയാകുന്നത്. തെക്കൻ അമേരിക്കയിൽനിന്ന് ആറു രാജ്യങ്ങളാണ് നേരിട്ട് യോഗ്യത നേടുന്നത്. ഏഴാമതെത്തുന്ന ടീം ഇന്‍റർകോണ്ടിനെന്‍റൽ പ്ലേ ഓഫ് കളിക്കണം.
ആതിഥേയ രാജ്യങ്ങൾക്കു പുറമെ, ജപ്പാൻ, ന്യൂസിലൻഡ്, ഇറാൻ എന്നീ രാജ്യങ്ങളാണ് ഇതിനകം ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്.