വാഷിങ്ടണ്‍: യുഎസില്‍ ഉന്നത വിദ്യാഭ്യാസം നേടുക എന്നത് മിക്ക ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ചും വലിയൊരു സ്വപ്‌നമാണ്. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. അവര്‍ക്കിടയിലേക്ക് ആശങ്കയുടെ തീ പടര്‍ത്തിയാണ് സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ധനസഹായം നിര്‍ത്തലാക്കുന്ന വാര്‍ത്ത എത്തുന്നത്.
ഫുള്‍ബ്രൈറ്റ് ഉള്‍പ്പെടെയുള്ള സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള ധനസഹായം തടയാനുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ തീരുമാനം വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. വിവിധ വകുപ്പുകള്‍ക്കുള്ള സാമ്പത്തിക സഹായം പുനര്‍നിര്‍ണയിക്കാന്‍ ട്രംപ് സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് നടപടി.
ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസിലാക്കുന്ന തീരുമാനമാണിത്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വിദ്യാര്‍ത്ഥികളെയും കുടുംബത്തെയും തള്ളിയിടുമെന്ന് ഉറപ്പ്. പഠനം തുടങ്ങാനിരിക്കുന്നവരേക്കാള്‍ കോഴ്‌സ് പാതിവഴിയിലെത്തിയ പലരും അമിത ആശങ്ക പങ്കുവയ്ക്കുന്നു.
യുഎസിലെ വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഫീസുമെല്ലാം കണക്കിലെടുക്കുമ്പോള്‍ സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല. സാധാരണക്കാരെ സംബന്ധിച്ച് ഈ സ്‌കോളര്‍ഷിപ്പുകള്‍ മാത്രമാണ് യുഎസില്‍ പഠിക്കാനുള്ള ഏക പ്രായോഗിക മാര്‍ഗം. സ്‌കോളര്‍ഷിപ്പുകള്‍ നിലയ്ക്കുന്നതോടെ സ്വയം ചെലവുകള്‍ വഹിക്കേണ്ടിവരും.