കൊട്ടാരക്കര: ദുബൈയിൽ നിന്നും നാട്ടിലേക്കുള്ള യാത്രയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡോക്ടർ മരിച്ചു. പത്തനംതിട്ട ചന്ദനപ്പള്ളി സ്വദേശിനി വടക്കേക്കരയിൽ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. ഷാർജയിൽ ബുഹൈറ കോർണിഷിലെ എൻ.എം.സി മെഡിക്കൽ സെന്ററിൽ സ്പെഷലിസ്റ്റ് ഗൈനക്കോളജിസ്റ്റാണ് ഡോ. ബിന്ദു.എം.സി റോഡിൽ കൊട്ടാരക്കര കമ്പംകോടാണ് അപകടം.
ദുബൈയിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയശേഷം രാവിലെ വീട്ടിലേക്ക് വരുമ്പോഴാണ് കാർ അപകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.
പരിക്കേറ്റ ഡ്രൈവർ ആശുപത്രിയിൽ ചികിത്സ തേടി. ബിന്ദുവിന്റെ മൃതദേഹം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ. ഭർത്താവ്: പരേതനായ അജി പി. വർഗീസ്. മക്കൾ: അഞ്ജലീന, വീനസ്