വാഷിംഗ്ടണ്‍ : ഗാസയിലെ അവസാനത്തെ ജീവിച്ചിരിക്കുന്ന യുഎസ് ബന്ദിയുടെ പിതാവിന്റെ പ്രതീക്ഷ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപില്‍. തന്റെ മകനെ തിരികെ കൊണ്ടുവരാന്‍ ട്രംപിന് കഴിയുമെന്നാണ് അലക്‌സാണ്ടര്‍ എന്ന പിതാവ് പറയുന്നത്.
വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടം തുടരുന്നതിനിടെയാണ് അലക്‌സാണ്ടര്‍ അസോസിയേറ്റഡ് പ്രസ്സിനോട് തന്റെ പ്രതീക്ഷ പങ്കുവെച്ചത്.യുഎസില്‍ വളര്‍ന്ന 21 കാരനായ ഇസ്രായേലി-അമേരിക്കന്‍ സൈനികനായ ഈഡന്‍ അലക്‌സാണ്ടറിനെയാണ് പിതാവും കുടുംബവും പ്രതീക്ഷയോടെ കാത്തിരിക്കുന്നത്.
ഗാസയില്‍ ഇപ്പോഴും തുടരുന്ന 59 ബന്ദികളില്‍ ഒരാളാണ് ഈഡന്‍. ഈ ബന്ദികളില്‍ പകുതിയിലധികം പേരും മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വെടിനിര്‍ത്തല്‍ കരാറില്‍ ഇസ്രായേല്‍ ഉറച്ചുനിന്നാല്‍, ഈഡനെയും മറ്റ് നാല് ബന്ദികളുടെ മൃതദേഹങ്ങളും വിട്ടയക്കുമെന്ന് കഴിഞ്ഞ ആഴ്ച ഹമാസ് പറഞ്ഞിരുന്നു.
എന്നാല്‍, ദിവസങ്ങള്‍ക്ക് ശേഷം, ഇസ്രായേല്‍ ഗാസയിലുടനീളം റോക്കറ്റുകള്‍ വിക്ഷേപിക്കുകയും ആക്രമണം പുനരാരംഭിക്കുകയും ചെയ്തു. നൂറുകണക്കിന് പലസ്തീനികളെ കൊന്നൊടുക്കി. ഹമാസ് ശേഷിക്കുന്ന ബന്ദികളെ മോചിപ്പിക്കുന്നതുവരെ ഗാസയിലേക്ക് കൂടുതല്‍ ഇടങ്ങളില്‍ ആക്രമണം വ്യാപിപ്പിക്കുമെന്നാണ് ഇസ്രായേല്‍ ആവര്‍ത്തിക്കുന്നത്.