തിരുവനന്തപുരം: മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകും. ഞായറാഴ്ച ചേർന്ന ബി.ജെ.പി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിലുണ്ടാകും. കെ. സുരേന്ദ്രന്‍റെ ഒഴിവിലേക്ക് രാജീവ് ചന്ദ്രശേഖറിന്‍റെ പേര് നിർദേശിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇനി നടക്കുന്നതെല്ലാം നടപടിക്രമങ്ങള്‍ മാത്രമായിരിക്കും
ഉച്ചക്കു രണ്ടു മുതല്‍ മൂന്നു വരെ പത്രിക സമര്‍പ്പിക്കാനുള്ള സമയമാണ്. സൂഷ്മ പരിശോധന വൈകീട്ട് നാലിന് നടക്കും. ഏകകണ്ഠമായിട്ടാകും അധ്യക്ഷനെ തെരഞ്ഞെടുക്കുകയെന്നതിനാല്‍ പത്രികാ സമര്‍പ്പണം കഴിയുമ്പോള്‍ തന്നെ പുതിയ അധ്യക്ഷനെ അറിയാനാകും.എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്‍, വി. മുരളീധരന്‍ എന്നിവരുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു. സംസ്ഥാന കൗൺസിൽ യോഗത്തിൽ രാജീവ് പുതിയ അധ്യക്ഷനായി ചുമതല ഏൽക്കും. അഞ്ച് വർഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന കെ. സുരേന്ദ്രൻ സ്ഥാനമൊഴിയും.
കേരളത്തിൽ പുതിയൊരു മുഖം നേതൃസ്ഥാനത്തേക്ക് വരട്ടെയെന്ന ദേശീയ നേതൃത്വത്തിന്‍റെ നിലപാടാണ് രാജീവ് ചന്ദ്രശേഖറിന് അനുകൂലമായത്.നാലുവരി സംസാരിച്ചാല്‍ നാലാളെ ആകര്‍ഷിക്കും വിധം വികസന സങ്കല്‍പ്പം പറയും രാജീവ് ചന്ദ്രശേഖര്‍. മറ്റെല്ലാപേരും മാറ്റിവച്ച് രാജീവിലേക്ക് പാര്‍ട്ടി ദേശീയനേതൃത്വം എത്തിയതും ഈ കാഴ്ചപ്പാടിനുള്ള മൂല്യം കണക്കാക്കിയാണ്. ശരാശരി രാഷ്ട്രീയക്കാരനപ്പുറം ആരോപണങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കും പവര്‍ പോയന്‍റ് പ്രസന്‍റേഷനാണ് രാജീവിന്‍റെ ശൈലി. കക്ഷി രാഷ്ട്രീയത്തിനും മീതെ മോദിയുടെ ഗ്യാരണ്ടിക്ക് രാജ്യത്ത് കിട്ടുന്ന സ്വീകാര്യതയ്ക്ക് ഒരു കേരള മോഡല്‍ തേടുകയായിരുന്നു പാര്‍ട്ടി ദേശീയ നേതൃത്വം.
ആ പരീക്ഷണത്തിന്‍റെ ആദ്യവേദിയായിരുന്നു തിരുവനന്തപുരത്തെ സ്ഥാനാര്‍ഥിത്വം. പുതിയ കാലത്തിന്‍റെ രാഷ്ട്രീയക്കാരനില്‍ പുത്തന്‍വോട്ടര്‍മാര്‍ ഉള്‍പ്പടെ അണിനിരന്നത് ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കണ്ടതുമാണ്. പഠിച്ചതും സ്വപ്നം കണ്ടതും പ്രയോഗത്തില്‍ കൊണ്ടുവരാന്‍ ലഭിച്ച അവസരങ്ങളാണ് ബിജെപി രാഷ്ട്രീയത്തില്‍ രാജീവ് ചന്ദ്രശേഖറിന് അനുഗ്രഹമായത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ നേടിയ ബിരുദവും കമ്പ്യൂട്ടര്‍ സയന്‍സിലെ ബിരുദാനന്തരബിരുദവും ഐടി ആന്‍റ് ഇലക്ട്രോണിക്സിന്‍റെയും നൈപുണ്യവികസനത്തിന്‍റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രിയാകാന്‍ രാജീവിനെ സഹായിച്ചു.
സാമുദായിക നേതാക്കളുമായി രാജീവ് ചന്ദ്രശേഖറിനുള്ള അടുപ്പവും കേന്ദ്ര നേതൃത്വം പരിഗണിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിൽ കോൺഗ്രസിന്‍റെ ശശി തരൂരിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. വ്യവസായിയായ രാജീവ്, 2006 മുതല്‍ കര്‍ണാടകയില്‍നിന്ന് തുടര്‍ച്ചയായി മൂന്നുതവണ രാജ്യസഭയിലെത്തി. 2021ല്‍ കേന്ദ്ര സഹമന്ത്രിയായി. കേരള എൻ.ഡി.എയുടെ വൈസ് ചെയര്‍മാനായിരുന്നു.