ബാൾട്ടിമോർ : ബാൾട്ടിമോർ കൈരളിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായി. എലിക്കോട്ട് സിറ്റി, എം.ഡി.യിലെ ഹൗവർഡ് ഹൈസ്കൂളിലായിരുന്നു ഓണാഘോഷം. പൂക്കളമൊരുക്കിയും മഹാബലിയെ വരവേറ്റും തുടക്കം മുതൽ ആഘോഷ പരിപാടി ശ്രദ്ധേയമായി.
സാംസ്കാരിക പരിപാടികൾക്കു തുടക്കമിട്ടത് വൈവിധ്യമാർന്ന എൽഇഡി സ്ക്രീൻ പ്രദർശനത്തോടെയായിരുന്നു.
വിനോദവിഭാഗം അധ്യക്ഷൻ സ്വാഗത പ്രസംഗം നടത്തി പരിപാടികൾക്ക് തുടക്കമിട്ടു. അമേരിക്കൻ ദേശീയഗാനം ആലപിച്ച ശേഷം, ചെണ്ടമേളം, പുലികളി, താലപ്പൊലി എന്നിവയോടുകൂടി മഹാബലിയെ വരവേറ്റു. വേദിയിൽ തിരുവാതിര എത്തിയതോടെ ആഘോഷങ്ങൾക്ക് മാധുര്യം കൂടി. തുടർന്നു നടന്ന നൃത്തശില്പങ്ങളും സംഗീതവും ഫാഷൻഷോയും ആസ്വാദകരെ കീഴടക്കി.
കൈരളി ബാൾട്ടിമോർ പ്രസിഡന്റ് ഡോ. അൽഫോൺസാ റഹ്മാൻ ഓണാശംസകൾ നേർന്നു. സാംസ്കാരിക സംരക്ഷണത്തിന്റെ പ്രാധാന്യവും സമൂഹ സേവനത്തിന്റെ വിലയും എന്താണെന്ന് അദ്ദേഹം വ്യക്തമാക്കി. മുഖ്യാതിഥിയായിരുന്ന ജോൺസ് ഹോപ്കിൻസ് സർവകലാശാലയിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ഷെൽബി കുട്ടി, ആരോഗ്യത്തിന്റെ പ്രാധാന്യവും ഓണത്തിൽ കർഷകരുടെ പരിശ്രമത്തിനുള്ള ആദരവും ഉൾക്കൊണ്ട ഓണ സന്ദേശം പങ്കുവച്ചു.
സ്നേഹത്തിന്റെയും ഐക്യത്തിന്റെയും അടയാളമായ കൈരളിയുടെ ഓണ സുവിനീറിന്റെ പ്രകാശനം നടന്നു. സ്പോൺസർമാരുടെ സംഭാവനകൾക്കും പിന്തുണക്കും കൈരളി കടപ്പാട് അറിയിച്ചു. കൂടാതെ, സംഘടനയുടെ രണ്ടു പ്രസിഡൻഷ്യൽ സന്നദ്ധ സേവന പുരസ്‌കാരങ്ങളും വിവിധ വിഭാഗങ്ങളിലായുള്ള “ബീ മൈ വാലന്റൈൻ” മത്സരത്തിന്റെ വിജയികളെയും പ്രഖ്യാപിച്ചു. പായസ മത്സരത്തിൻ്റെ സമ്മാനങ്ങൾ വിതരണം ചെയ്തു.
തോമസ് ജോസ് സംവിധാനം ചെയ്ത മഹാഭാരതത്തെ അടിസ്ഥാനമാക്കിയുള്ള ചലച്ചിത്ര നാടകം പ്രേക്ഷക പ്രീതി നേടി. വൈസ് പ്രസിഡന്റ് സുബിൻ ജെയിംസ് പരിപാടിയുടെ
നന്ദിപ്രസംഗം നടത്തി. മുഴുവൻ സന്നദ്ധപ്രവർത്തകർക്കും പങ്കാളികൾക്കും ഹൃദയംഗമായ നന്ദി അറിയിച്ചു. ദേശീയഗാനത്തോടെ സാംസ്കാരിക പരിപാടികൾ സമാപിച്ചു. തുടർന്നു നടന്ന വിഭവ സമൃദ്ധമായ സദ്യയിൽ നിരവധി ആളുകൾ പങ്കെടുത്തു.