ഡൽഹി: ഭൂമിയിലേക്ക് തിരിച്ചെത്തുന്ന നാസയുടെ ബഹിരാകാശ യാത്രികയും ഇന്ത്യൻ വംശജയുമായ സുനിത വില്യംസിനെ രാജ്യത്തേക്ക് ക്ഷണിച്ച് കത്തയച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ പ്രഗത്ഭരായ പുത്രിമാരിൽ ഒരാൾക്ക് രാജ്യത്ത് ആതിഥ്യം ഒരുക്കാൻ സാധിക്കുന്നത് വലിയ സന്തോഷമായിരിക്കുമെന്ന് മോദി കത്തിൽ പറഞ്ഞു.
സുനിത വില്യംസ്, താങ്കൾക്ക് എല്ലാവിധ ആശംസകളും നേരുകയാണ്. ഇന്നത്തെ പരിപാടിയിൽ വെച്ച് പ്രശസ്ത ബഹിരാകാശ സഞ്ചാരി മൈക്ക് മാസിമിനോയെ നേരിട്ട് കണ്ടുമുട്ടി, സംഭാഷണത്തിനിടയിൽ താങ്കളുടെ പേര് ഉയർന്ന് വന്നു. ഇതിന് ശേഷം താങ്കൾക്കൊരു കത്തയക്കാതിരിക്കാൻ എനിക്ക് സാധിച്ചില്ല.
യുഎസ് സന്ദർശിച്ച വേളകളിൽ മുൻ പ്രസിഡന്റ് ജോ ബൈഡനോടും നിലവിലെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടും താൻ സുനിത വില്യംസിന്റെ വിശേഷങ്ങൾ നേരിട്ട് അന്വേഷിച്ചിരുന്നു. 1.4 ബില്യൺ ഇന്ത്യക്കാർ എപ്പോഴും നിങ്ങളുടെ നേട്ടങ്ങളിൽ വളരെയധികം അഭിമാനം കൊള്ളുന്നു. സുനിത വില്യംസിന്റെ ജീവിതം പ്രചോദനാത്മകമാണ്. അവരുടെ ദൃഢനിശ്ചയത്തെ പ്രശംസിക്കുന്നു. ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും, നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളോട് ചേർന്നുനിൽക്കുന്നു. നിങ്ങളുടെ ആരോഗ്യത്തിനും ദൗത്യത്തിന്റെ വിജയത്തിനും വേണ്ടി ഇന്ത്യയിലെ ജനങ്ങൾ പ്രാർത്ഥിക്കുന്നു.
തിരിച്ചുവരവിന് ശേഷം ഇന്ത്യയിൽ നിങ്ങളെ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ഏറ്റവും അഭിമാനമായ പെൺമക്കളിൽ ഒരാൾക്ക് ആതിഥ്യം വഹിക്കാൻ സാധിക്കുന്നത് സന്തോഷകരമായിരിക്കും’, മാർച്ച് 1 ന് അയച്ച കത്തിൽ മോദി കുറിച്ചു. മോദിയുടെ കത്ത് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
നാസ ബഹിരാകാശയാത്രികൻ മൈക്ക് മാസിമിനോ വഴിയാണ് സുനിതയ്ക്കുള്ള കത്ത് പ്രധാനമന്ത്രി അയച്ചതെന്നും സിംഗ് പറഞ്ഞു. കത്തിൽ സുനിത വളരെ അധികം സന്തോഷം പ്രകടിപ്പിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഇന്ത്യയോടും അവർ നന്ദ പ്രകടിപ്പിച്ചുവെന്നും സിംഗ് പറഞ്ഞു.
9 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങിയെത്തുന്നത്. വെറും 8 ദിവസത്തെ ദൗത്യത്തിനായി ജൂൺ 5 നായിരുന്നു ഇരുവരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് തിരിച്ചത്. പിന്നീട് പേടകത്തിന് തകരാറ് സംഭവിച്ചതിനെ തുടർന്ന് മടക്കം വൈകുകയായിരുന്നു. അതേസമയം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഇരുവരും ഉള്‍പ്പെടുന്ന ക്രൂ-9 ദൗത്യ സംഘം ഭൂമിയിലേക്ക് തിരിച്ച് കഴിഞ്ഞു. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ച 3.27 ഓടെയാണ് സുനിതയും സംഘവും ഭൂമിയിൽ എത്തുക.