വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഒൻപത് മാസം നീണ്ട വാസത്തിന് ശേഷം ഭൂമിയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ് നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വിൽമോറും. നാസ പുറത്തുവിട്ട പുതിയ ഷെഡ്യൂൾ പ്രകാരം, നേരത്തെ നിശ്ചയിച്ചതിനും മുൻപേ ഇരുവരും ഭൂമിയിൽ എത്തും. രണ്ടുപേരെയും ഭൂമിയിലേക്ക് എത്തിക്കാനുള്ള സ്പേസ് എക്സ് ഡ്രാഗൺ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഞായറാഴ്ച എത്തിച്ചേർന്നിരുന്നു. അമേരിക്കൻ, റഷ്യൻ ബഹിരാകാശ യാത്രികർക്കൊപ്പമാണ് സുനിതയുടെയും ബുച്ചിൻ്റെയും മടക്കം.
ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 8:15ന് ഡ്രാഗൺ പേടകത്തിൻ്റെ ഹാച്ച് ക്ലോഷർ (പേടകത്തിൻ്റെ വാതിൽ അടക്കുന്ന പ്രക്രിയ) ഒരുക്കങ്ങൾ ആരംഭിക്കുമെന്ന് നാസ അറിയിച്ചു. ഇന്ത്യൻ സമയം 19ന് പുലർച്ചെ 3:27നാണ് പേടകം ഫ്ലോറിഡയിലെ കടലിൽ പതിക്കുക. ഇതിനു മുന്നോടിയായി നാസ, സ്പേസ് എക്സ് സംഘങ്ങൾ കൂടിക്കാഴ്ച നടത്തി കാലാവസ്ഥയും തീരത്തെ സാഹചര്യവും വിലയിരുത്തി. കാലാവസ്ഥ സാഹചര്യം ഉൾപ്പെടെ അനുകൂലമായതോടെയാണ് മടക്കം നേരത്തെ തീരുമാനിച്ചത്. നാലംഗ സംഘത്തിൻ്റെ മടക്കം തത്സമയം കാണാനുള്ള സംവിധാനവും നാസ ഒരുക്കും.
കഴിഞ്ഞ വർഷം ജൂണിൽ ബോയിങ് സ്റ്റാർലൈനർ പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിച്ചേർന്ന സുനിത വില്യംസും ബുച്ച് വിൽമോറും എട്ട് ദിവസം നിലയത്തിൽ തങ്ങി ഗവേഷണങ്ങൾ നടത്തി മടങ്ങാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ സ്റ്റാർലൈനറിൻ്റെ പ്രൊപ്പൽഷൻ സിസ്റ്റത്തിന് ഉണ്ടായ സാങ്കേതിക പ്രശ്നവും ഹീലിയം ചോർച്ചയും ഇരുവരുടെയും മടക്കത്തിന് തടസ്സമായി.