വാഷിങ്ടൻ : യുക്രെയ്നിൽ വെടിനിർത്തുന്നതു സംബന്ധിച്ച് റഷ്യയുടെ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിനുമായി ഇന്നു ഫോണിൽ സംസാരിക്കാൻ ഉദ്ദേശിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു.വെടിനിർത്തലിനുള്ള എല്ലാ സാധ്യതയും മുന്നിലുണ്ടെന്നു ട്രംപ് സൂചിപ്പിച്ചു. കഴിഞ്ഞയാഴ്ച മോസ്കോയിൽ യുഎസ്–റഷ്യ ഉദ്യോഗസ്ഥതല ചർച്ച നടന്നതിനുപിന്നാലെ ഉപാധികളുടെ അടിസ്ഥാനത്തിൽ വെടിനിർത്തലാകാമെന്നു പുട്ടിൻ വ്യക്തമാക്കിയിരുന്നു.യുക്രെയ്നിനു നാറ്റോ അംഗത്വം നൽകരുതെന്നതാണു റഷ്യ മുന്നോട്ടുവയ്ക്കുന്ന പ്രധാന വ്യവസ്ഥ. യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം സ്ഥിതി ചെയ്യുന്ന സാപൊറീഷ്യ അടക്കം കിഴക്കൻ യുക്രെയ്നിലെ ഭൂരിഭാഗം പ്രവിശ്യകളും റഷ്യയുടെ അധീനതയിലാണിപ്പോൾ.
ഈ പ്രദേശങ്ങൾ റഷ്യ വിട്ടുകൊടുക്കില്ലെന്ന സൂചനയും ട്രംപ് നൽകി.എന്നാൽ, രാജ്യത്തിന്റെ അഖണ്ഡത ലംഘിച്ചുകൊണ്ടുള്ള കരാറിനു തയാറല്ലെന്ന നിലപാട് പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി ആവർത്തിച്ചു. പടിഞ്ഞാറൻ റഷ്യയിലെ കർക്സിൽ യുക്രെയ്ൻ സേന കഴിഞ്ഞവർഷം കയ്യടക്കിയ ഭൂരിഭാഗം സ്ഥലങ്ങളും കഴിഞ്ഞ ആഴ്ചകളിൽ റഷ്യൻ സൈന്യം തിരിച്ചുപിടിച്ചിട്ടുണ്ട്. കരാർ ധാരണയായാൽ, 30 ദിവസത്തെ വെടിനിർത്തൽ നടപ്പിലാക്കാൻ, അതിർത്തിയിലേക്ക് രാജ്യാന്തര സമാധാനസേനയെ അയയ്ക്കാൻ യുകെ, ഫ്രാൻസ് അടക്കം മുപ്പതിലേറെ രാജ്യങ്ങൾ സന്നദ്ധ പ്രകടിപ്പിച്ചിട്ടുണ്ട്.