തിരുവനന്തപുരം: മയക്കുമരുന്നിനെതിരായ കേരളാ പോലീസിന്റെ ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഞായറാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 254 പേര്‍ അറസ്റ്റിലായി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 243 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായവരില്‍ നിന്ന് 29.1 ഗ്രാം എംഡിഎംഎ, 6.071 കിലോഗ്രാം കഞ്ചാവ്, 177 കഞ്ചാവ് ബീഡി എന്നിവ പോലീസ് പിടികൂടി. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 5544 പേരെയാണ് പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയത്.
സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശാനുസരണം സംസ്ഥാന ആന്റി നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് തലവനും ക്രമസമാധാന വിഭാഗം എഡിജിപിയുമായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോ-ഓര്‍ഡിനേഷന്‍ സെല്ലും ജില്ലാ പോലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്.
പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം നിലവിലുണ്ട്. മയക്കുമരുന്ന് സംബന്ധമായ വിവരം കൺട്രോൾ റൂമിനെ അറിയിക്കാനായി ജനങ്ങൾക്ക് 9497927797 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്
മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നാര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോ-ഓര്‍ഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നാര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.
സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കി നിരന്തരമായി നിരീക്ഷണം നടത്തി ഓപ്പറേഷന്‍ ഡി-ഹണ്ട് വരും ദിവസങ്ങളിലും തുടരുമെന്ന് സ്‌റ്റേറ്റ് പോലീസ് മീഡിയാ സെന്റര്‍ അറിയിച്ചു.