ഫ്ലോറിഡ: ക്രൂ-10 സഞ്ചാരികൾ ഇന്ന് ബഹിരാകാശ നിലയത്തിലെത്തും. ഇന്ത്യൻ സമയം രാവിലെ 9.13നാണ് ഡ്രാഗൺ പേടകം ബഹിരാകാശ നിലയത്തിൽ ഘടിപ്പിക്കുക. 10.35ഓടെ നാലംഗ ബഹിരാകാശ സഞ്ചാരികൾ നിലയത്തിന് അകത്തേക്ക് പ്രവേശിക്കും. സുനിതാ വില്യംസ് ഉൾപ്പെടെയുള്ളവർ പുതിയ സംഘത്തെ സ്വീകരിക്കും.
സുനിത വില്യംസിന്റെ സംഘം ക്രൂ-9 പേടകത്തിലേറി ബുധനാഴ്ച ഭൂമിയിലേക്ക് മടങ്ങും. ബഹിരാകാശ നിലയത്തിൽ നിന്ന് ക്രൂ-9 പേടകം വേർപെടുന്നതും പേടകം ഫ്ലോറിഡക്കടുത്ത് അറ്റ്ലാന്റിക് സമുദ്രത്തിൽ സുരക്ഷിതമായി ഇറക്കുന്ന സമയവും സംബന്ധിച്ച നിർണായക വിവരങ്ങൾ നാസ ഇന്ന് പുറത്തുവിടും.
ആനി മക്‌ലിൻ, നിക്കോളാസ് അയേഴ്‌സ് , തക്കുയ ഒനിഷി , കിറിൽ പെസ്കോവ് എന്നിവരാണ് ബഹിരാകാശ നിലയത്തിലേക്ക് ഇന്നലെ യാത്ര തിരിച്ചത് . സുനിത വില്യംസ് , ബുച്ച് വിൽമോർ , നിക്ക് ഹേഗ്,അലക്സാണ്ടർ ഗോർബുനേവ് എന്നിവർ ക്രൂ-9 പേടകത്തിലേറി ബുധനാഴ്ച ഭൂമിയിലേക്ക് മടങ്ങും.
ഡോക്കിംഗിന് ശേഷം, ക്രൂ-10 ബഹിരാകാശയാത്രികര്‍ അവരുടെ സ്പേസ് സ്യൂട്ടുകള്‍ മാറ്റി, ഡ്രാഗണ്‍ ബഹിരാകാശ പേടകത്തിനും ഐഎസ്എസിന്റെ ഹാര്‍മണി മൊഡ്യൂളിനും ഇടയിലുള്ള ഹാച്ച് തുറക്കും. പിന്നീട് സ്റ്റേഷനില്‍ കയറിക്കഴിഞ്ഞാല്‍, ക്രൂ-10 സ്വാഗത പ്രസംഗങ്ങളും തുടര്‍ന്ന് ക്രൂ-9 ന്റെ വിടവാങ്ങല്‍ പ്രസംഗങ്ങളും നാസ സംപ്രേഷണം ചെയ്യും.
ക്രൂ-10 ന്റെ വരവോടെ, ഐഎസ്എസിലെ ആകെ ബഹിരാകാശയാത്രികരുടെ എണ്ണം 11 ആയി ഉയരും. നിക്ക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, ഗോര്‍ബുനോവ് എന്നിവര്‍ മാര്‍ച്ച് 19 ബുധനാഴ്ചയ്ക്ക് മുമ്പ് ഭൂമിയിലേക്ക് മടങ്ങും. ഇവര്‍ പുറപ്പെടുന്നതിനു മുമ്പ്, ഫ്‌ളോറിഡ തീരത്തെ കാലാവസ്ഥാ സാഹചര്യങ്ങള്‍ മിഷന്‍ ടീമുകള്‍ വിലയിരുത്തി സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കും.ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപിച്ചത്.
മാര്‍ച്ച് 12 ന് ഫ്‌ലോറിഡയില്‍ നിന്ന് ക്രൂ10 ദൗത്യം നടത്താന്‍ സ്പേസ് എക്സും നാസയും പദ്ധതിയിട്ടിരുന്നു. എന്നാല്‍ അവസാന നിമിഷം റോക്കറ്റില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദൗത്യം നീട്ടി വയ്ക്കുകയായിരുന്നു. നാസയും ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സും ചേര്‍ന്നുള്ള ദൗത്യമാണ് ക്രൂ10.
9 മാസമായി ബഹിരാകാശ നിലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ് സുനിതയും ബുച്ച് വില്‍മോറും . കഴിഞ്ഞ ജൂണ്‍ അഞ്ചിനായിരുന്നു ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ സുനിത വില്യംസും, ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്.