വാഷിങ്ടൻ : 2026 അവസാനത്തോടെ ചൊവ്വ ദൗത്യം യാഥാർഥ്യമാകുമെന്ന് സ്പേസ് എക്സ് മേധാവി ഇലോൺ മസ്ക്. ടെസ്‌ലയുടെ ഒപ്റ്റിമസ് റോബോട്ടും സ്റ്റാർഷിപ്പ് എന്ന ബഹിരാകാശ വാഹനത്തിൽ ഉണ്ടാകും. ലാൻഡിങ് വിജയകരമായാൽ 2029ൽ മനുഷ്യരെ ചൊവ്വയിൽ ഇറക്കാനായേക്കുമെന്നും മസ്ക് അറിയിച്ചു.
‘‘അടുത്ത വർഷം അവസാനം ഒപ്റ്റിമസിനേയും വഹിച്ചുകൊണ്ട് സ്റ്റാർഷിപ്പ് ചൊവ്വയിലേക്ക് പുറപ്പെടും. ഈ ലാൻഡിങ് വിജയകരമായാൽ 2029ൽ തന്നെ മനുഷ്യ ലാൻഡിങ് ആരംഭിച്ചേക്കാം. എന്നാൽ 2031ൽ ആണ് ഇതിനു കൂടുതൽ സാധ്യത’’ – മസ്‌ക് എക്‌സിൽ കുറിച്ചു. 2002 മാർച്ച് 14ന് സ്ഥാപിതമായ സ്പേസ് എക്സിന്റെ ഇരുപത്തിമൂന്നാം വാർഷികത്തിലാണ് മസ്കിന്റെ പ്രഖ്യാപനം.
123 മീറ്റർ നീളമുള്ള സ്റ്റാർഷിപ്പ് വിമാനം മസ്കിന്റെ ചൊവ്വ ദൗത്യത്തിൽ സുപ്രധാന പങ്കുവഹിക്കും. പര്യവേക്ഷണ ദൗത്യങ്ങള്‍ക്കായി ചന്ദ്രനിലേക്കും ചൊവ്വയിലേക്കും മനുഷ്യരെയും അവര്‍ക്കാവശ്യമായ സാധനസാമഗ്രികളെയും വഹിക്കാൻ ശേഷിയുള്ളതാണ് ഈ ബഹിരാകാശ റോക്കറ്റ്. പൂർണമായും പുനരുപയോഗിക്കാവുന്ന സംവിധാനമാണ് ഇത്.