Friday, December 5, 2025
HomeNewsലോക്സഭാ മണ്ഡല പുനർനിർണയത്തിൽ എതിർപ്പ് പരസ്യമാക്കി കേരളം

ലോക്സഭാ മണ്ഡല പുനർനിർണയത്തിൽ എതിർപ്പ് പരസ്യമാക്കി കേരളം

തിരുവനന്തപുരം: ലോക്സഭാ മണ്ഡല പുനർനിർണയത്തിൽ എതിർപ്പ് പരസ്യമാക്കി കേരളം. കേന്ദ്ര സര്‍ക്കാറിന്‍റേത് ധൃതിപിടിച്ച നീക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നേരത്തെ, മണ്ഡല പുനർനിർണയത്തിനെതിരായ ചെന്നൈ സമ്മേളനത്തിലേക്ക് പിണറായിയെ തമിഴ്നാട് സർക്കാർ ക്ഷണിച്ചിരുന്നു.

തമിഴ്നാട് ഐ.ടി മന്ത്രി പഴനിവേൽ ത്യാഗരാജനും തമിഴച്ചി തങ്കപാണ്ഡ്യൻ എം.പിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ക്ഷണക്കത്ത് നേരിട്ടെത്തി പിണറായി വിജയന് കൈമാറിയിരുന്നു. ഒരു സംസ്ഥാനത്തിന്റെയും സീറ്റുകളുടെ നിലവിലുള്ള ആനുപാതിക വിഹിതത്തിൽ കുറവ് വരാതെ വേണം പുനർ നിർണയം നടത്തേണ്ടതെന്ന് പിണറായി വിജയൻ പ്രസ്താവനയിൽ പറഞ്ഞു.

ജനസംഖ്യാ നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നടപ്പാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടുന്ന നിലയുണ്ടാവരുത്. സ്വാതന്ത്ര്യത്തിനു ശേഷം കേന്ദ്ര സർക്കാറുകൾ കൊണ്ടുവന്ന ജനസംഖ്യാ നിയന്ത്രണ പരിപാടികൾക്കും കുടുംബാസൂത്രണ നയങ്ങൾക്കുമനുസൃതമായി ജനസംഖ്യ കുറച്ചുകൊണ്ടുവന്ന സംസ്‌ഥാനങ്ങൾക്ക് പാർലമെന്റിൽ ആനുപാതിക പ്രാതിനിധ്യത്തിൽ കുറവു വരുത്തുന്നത് അനീതിയാണ്. ഇതിലെല്ലാം വീഴ്ച വരുത്തിയ സംസ്ഥാനങ്ങൾക്ക് പാരിതോഷികം നൽകുന്നതിന് തുല്യമാകും അത്.

1952, 1963, 1973 വർഷങ്ങളിലാണ് രാജ്യത്ത് നേരത്തെ മണ്ഡല പുനർനിർണയ പ്രക്രിയ നടത്തിയത്. എന്നാൽ, 1976 ൽ 42ാമത് ഭരണഘടനാ ഭേദഗതിയിലൂടെ ഈ പ്രക്രിയ 2000നു ശേഷമുള്ള ആദ്യ സെൻസസ് (2001) വരെ താൽക്കാലികമായി മരവിപ്പിച്ചു. ജനസംഖ്യാ നിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനായായിരുന്നു ഇത്‌. സംസ്ഥാനങ്ങൾക്കിടയിൽ ജനസംഖ്യയുടെ കാര്യത്തിലുള്ള അസമത്വം തുടർന്നതിനാൽ 84ാമത് ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഈ മരവിപ്പിക്കൽ 2026നു ശേഷമുള്ള ആദ്യ സെൻസസ് (2031) വരെ ദീർഘിപ്പിച്ചത്. ആ സാഹചര്യം ഇപ്പോഴും നിലനില്‍ക്കുകയാണ്. അത് കണക്കിലെടുക്കാതെയാണ് കേന്ദ്ര സര്‍ക്കാറിന്‍റെ ധൃതിപിടിച്ച പുതിയ നീക്കമെന്നും പിണറായി പറഞ്ഞു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments