റായ്‌പുർ: ഛത്തിസ്ഗഢിലെ പരാശ്വരാ ഗ്രാമത്തിൽ പഞ്ചായത്തംഗങ്ങളായി തെരഞ്ഞെടുത്ത ആറ് വനിതകൾക്ക് വേണ്ടി സത്യപ്രതിജ്ഞ ചെയ്ത് ഭർത്താക്കൻമാർ. ഭർത്താക്കന്മാർ സത്യാ പ്രതിജ്ഞ ചെയ്യുന്ന വീഡിയോ ഇപ്പോൾ വൈറലാണ്.
സംഭവത്തിൽ ജില്ലാ ഭരണകൂടം ഗ്രാമ സെക്രട്ടറിയെ സസ്പെൻഡ് ചെയ്യുകയും പഞ്ചായത്ത് സംവിധാനത്തിൽ ഭാര്യക്ക് പകരം ഭർത്താക്കൻമാർക്ക് സത്യപ്രതിജ്ഞ ചെയ്യാൻ അനുവാദമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. നാല് വനിതകൾ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാൻ പോയിരുന്നതിനാലും രണ്ട് പേർക്ക് സത്യപ്രതിജ്ഞ ചെയ്യാൻ നാണമായതുകൊണ്ടാണ് സത്യപ്രതിഞ്ജക്ക് വരാൻ സാധിക്കാത്തത് എന്നാണ് ഭർത്താക്കന്മാർ പറഞ്ഞത്.
12 പഞ്ചായത്ത് വാർഡുകളുള്ള പരാശ്വരയിൽ പകുതി സീറ്റുകളൂം സ്ത്രീകൾക്കായി സംവരണം ചെയ്‌തവയാണ്. അത്കൊണ്ട് തന്നെ തെരഞ്ഞെടുപ്പുകളിൽ പുരുഷന്മാർ ഭാര്യമാരെ നിർത്താറുള്ളത് പതിവാണ്. അതേസമയം, സത്യപ്രതിജ്ഞയുടെ വീഡിയോ വൈറലായതോടെ പ്രതിഷേധം ഉയർന്നു. സ്ത്രീകൾക്ക് വായിക്കാൻ അറിയാത്തതിനാൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയില്ലെന്നും അത്കൊണ്ടാണ് ഭർത്താക്കന്മാർ എത്തിയതെന്നും പഞ്ചായത്ത് ഉദ്യോഗസ്ഥൻ പറഞ്ഞു.