ഷിക്കോഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം വ്യാഴാഴ്ച പത്ത് മണിക്കൂറോളം പറന്ന ശേഷം തിരിച്ചിറക്കി. സാങ്കേതിക തകരാറുകൾ മൂലമാണ് വിമാനം തിരിച്ചിറക്കേണ്ടി വന്നതെന്ന് വിമാന കമ്പനി വിശദീകരിച്ചു. അതേസമയം വിമാനത്തിലെ നിരവധി ശുചിമുറികൾ തകരാറിലായതിനെ തുടർന്നാണ് പാതിവഴിയിൽ തിരിച്ച് പറക്കേണ്ടി വന്നതെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.ഷിക്കാഗോ ഒആർഡി വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ബോയിങ് 777-337 ഇആർ വിഭാഗത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനമാണ് പത്ത് മണിക്കൂറിലേറെ പറന്ന ശേഷം പുറപ്പെട്ട സ്ഥലത്തു തന്നെ തിരിച്ചിറങ്ങിയത്. ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ്, ഇക്കണോമി ക്ലാസ് എന്നിവയിലായി 340 സീറ്റുകളുള്ള ഈ വിമാനത്തിൽ പത്ത് ശുചിമുറികളാണുള്ളത്. ഇവയിൽ രണ്ടെണ്ണം ഫസ്റ്റ് ക്ലാസ് യാത്രക്കാർക്ക് വേണ്ടിയുള്ളതാണ്. എന്നാൽ ഇവയിൽ ഒരു ശുചിമുറി മാത്രമേ ഉപയോഗയോഗ്യമായിട്ടുണ്ടായിരുന്നുള്ളൂ എന്നാണ് റിപ്പോർട്ട്.
ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ എയർ ഇന്ത്യ അധികൃതരുമായി ബന്ധപ്പെട്ടപ്പോൾ, മാർച്ച് ആറിന് ഷിക്കാഗോയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട എ.ഐ 126 വിമാനം സാങ്കേതിക കാരണം കൊണ്ട് തിരിച്ചിറക്കി എന്നാണ് എയർ ഇന്ത്യ വക്താവ് പറഞ്ഞു. ഷിക്കാഗോയിൽ ലാന്റ് ചെയ്തതിന് പിന്നാലെ യാത്രക്കാർക്ക് താമസ സൗകര്യം ഏർപ്പെടുത്തി. യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള ബദൽ നടപടികൾ സ്വീകരിച്ചുവരുന്നതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രക്കാർ തെരഞ്ഞെടുക്കുന്ന തെരഞ്ഞെടുക്കുന്നപക്ഷം ടിക്കറ്റ് ക്യാൻസൽ ചെയ്ത് മുഴുവൻ തുകയും റീഫണ്ട് ചെയ്യുകയോ അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് യാത്ര പുനഃക്രമീകരിച്ച് നൽകുകയോ ചെയ്യുമെന്നും എയർ ഇന്ത്യ വക്താവ് പറഞ്ഞു.