കിയവ്: സൈനിക സഹായം നിർത്തുമെന്ന യു.എസ് പ്രഖ്യാപനത്തിന് പിന്നാലെ പ്രസിഡന്റ് ട്രംപിന് മുന്നിൽ കീഴടങ്ങി യുക്രെയ്നിന്റെ വ്ലോദോമിർ സെലൻസ്കി. സമാധാനത്തിനായി ട്രംപുമായി യോജിച്ച് പ്രവർത്തിക്കാൻ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.
യുക്രെയ്നിൽ സമാധാനം സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾക്ക് എപ്പോൾ വേണമെങ്കിലും തങ്ങൾ തയാറാണ്. യുക്രെയ്നികളാണ് ഏറ്റവും കൂടുതൽ സമാധാനം ആഗ്രഹിക്കുന്നത്. ട്രംപിന് പിന്നിൽ ഉറച്ചുനിൽക്കും. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ തയാറാണെന്നും എക്സിലെ പോസ്റ്റിൽ സെലൻസ്കി പറഞ്ഞു.
ആകാശത്ത് വെടിനിർത്താൻ യുക്രെയ്ൻ തയാറാണ്. മിസൈലുകളും ദീർഘദൂര ഡ്രോണുകളും ബോംബുകളും സിവിലയൻമാരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും യുക്രെയ്ൻ നടത്തില്ല. എന്നാൽ, റഷ്യയും ഇക്കാര്യങ്ങൾ അംഗീകരിക്കണമെന്ന് മാത്രമെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുമായുള്ള ധാതു കരാർ സംബന്ധിച്ചും സെലൻസ്കി പ്രതികരണം നടത്തി. ധാതു കരാറിൽ എപ്പോൾ വേണമെങ്കിലും ഒപ്പുവെക്കാമെന്നും അത് യുക്രെയ്ന് കൂടുതൽ സുരക്ഷിതത്വം നൽകുമെന്നാണ് പ്രതീക്ഷയെന്നും സെലൻസ്കി പറഞ്ഞു.
യുക്രെയ്നുള്ള സൈനിക സഹായം യു.എസ് നിർത്തിയതിന് പിന്നാലെയാണ് സെലൻസ്കിയുടെ പ്രതികരണം. ട്രംപും സെലൻസ്കിയും തമ്മിലുള്ള ചർച്ച അലസിപിരിഞ്ഞതോടെയാണ് യു.എസ് സൈനിക സഹായം നിർത്തിയത്.
യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലന്‍സ്‌കിയും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടന്ന കൂടിക്കാഴ്ച വാക്കുതര്‍ക്കത്തില്‍ കലാശിച്ചിരുന്നു.
പിന്നാലെയാണ് യുക്രെയ്ന് കനത്ത തിരിച്ചടിയാകുന്ന തീരുമാനം യു.എസിൽനിന്നുണ്ടായത്. ചർച്ച അലസിപ്പിരിഞ്ഞതോടെ യുക്രെയ്ന്‍റെ അത്യപൂർവ ധാതുസമ്പത്തിൽ ഒരു പങ്കിന്റെ അവകാശം യു.എസിന് നൽകുന്നതിനുള്ള കരാറിൽ ഒപ്പിടാതെയാണ് സെലൻസ്കി മടങ്ങിയത്.
യൂറോപ്യൻ ഉച്ചകോടിയിൽ പങ്കെടുക്കാനായി യു.കെയിലെത്തിയ സെലൻസ്കിക്ക് വലിയ വരവേൽപാണ് നേതാക്കൾ നൽകിയത്. ഇതും യു.എസിനെ ചൊടിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാൻ തയാറാകുന്നതുവരെ യുക്രെയ്നുള്ള സൈനിക സഹായം നിർത്തിവെക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്

