തിരുവനന്തപുരം: പിണറായിയുടെ കരുത്തുറ്റ നേതൃത്വമാണ് പാർട്ടിയുടെയും സർക്കാറിന്റെയും ശക്തിയെന്നും ഒരു കാര്യം പറഞ്ഞാൽ അത് നടപ്പാക്കുമെന്നതിന്റെ പര്യായമാണ് പിണറായിയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭരണത്തുടർച്ച ലഭിച്ചാൽ പിണറായി വിജയൻ തന്നെ മൂന്നാമതും നയിക്കുമെന്നും അദ്ദേഹം ‘മാധ്യമ’ത്തിന് അനുവദിച്ച അഭിമുഖത്തിൽ സൂചന നൽകി
പിണറായി വിജയയന്റെ കരുത്തുറ്റ നേതൃത്വമാണ് പാർട്ടിയുടെയും സർക്കാറിന്റെയും ശക്തി. ഒരു കാര്യം പറഞ്ഞാൽ, അത് നടപ്പാക്കുമെന്നതിന്റെ പര്യായമാണ് പിണറായി. പിണറായി സർക്കാർ വന്നില്ലെങ്കിൽ ദേശീയ പാതയുണ്ടോ, ഗെയിൽ ഉണ്ടോ., കൂടംകുളം വൈദ്യുതി വരുമായിരുന്നോ..? അത് ജനങ്ങൾക്ക് നല്ല ധാരണയുണ്ട്. അതുകൊണ്ടുതന്നെ ഭരണത്തുടർച്ച ഉറപ്പാണ്. യു.ഡി.എഫിൽ മുഖ്യമന്ത്രിമാർ അഞ്ചാറുപേരാണ്. ഏറ്റവും അവസാനം കുഞ്ഞാലിക്കുട്ടിയും വന്നിരിക്കുന്നു. ഞങ്ങളിൽ അത്തരം പ്രശ്നങ്ങളൊന്നുമില്ല’ -ഗോവിന്ദൻ പറഞ്ഞു.
രണ്ടാം പിണറായി സർക്കാറിന്റെ പ്രവർത്തനം വളരെ മികച്ചതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ഇടതുസർക്കാറിന്റെ വ്യവസായ രംഗത്തെ പുരോഗതി ആഘോഷിക്കണമെന്ന് പറഞ്ഞത് കോൺഗ്രസ് നേതാവ് ശശി തരൂരാണ്. നിക്ഷേപക സംഗമത്തിൽ വന്നത് ഒന്നര ലക്ഷം കോടിയുടെ നിക്ഷേപമാണ്. സി.പി.എമ്മിന് കേരളത്തെ പുതുക്കിപ്പണിയാനാകില്ലെന്നാണ് എതിരാളികൾ പറഞ്ഞത്. ഒന്നാം പിണറായി സർക്കാർ തന്നെ അതു തിരുത്തി. 45,000 കോടിയുടെ കിഫ്ബി പദ്ധതികൾ വഴി അത്യാധുനിക റോഡുകളും പാലങ്ങളും ആശുപത്രികളും നടപ്പാക്കിയ ഒന്നാം പിണറായി സർക്കാർ പാശ്ചാത്യ രാജ്യങ്ങളിലേതുപോലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഒരുക്കിയത്. വിജ്ഞാന സമ്പദ്വ്യവസ്ഥയായി കേരളത്തെ വളർത്താനാണ് രണ്ടാം പിണറായി സർക്കാർ ശ്രമിക്കുന്നത്. 15,000 സ്റ്റാർട്ടപ്പുകൾ, 1,55,000 മൂലധന നിക്ഷേപം, അതനുസരിച്ച് വ്യവസായിക ഇടനാഴികൾ എന്നിങ്ങനെ തൊഴിലില്ലായ്മ പരിഹരിക്കാൻ കഴിയുന്ന വലിയ കാര്യങ്ങളാണ് രണ്ടാം പിണറായി സർക്കാർ ചെയ്തുപോരുന്നത്. പിണറായി സർക്കാറിന്റെ മൂന്നാം ഭരണത്തുടർച്ച ഉറപ്പാണ്’ -എം.വി. ഗോവിന്ദൻ പറഞ്ഞു.