മോസ്‌കോ: റഷ്യൻ അധിനിവേശ യുക്രെയിനിൽ നിന്നുൾപ്പെടെയുള്ള അപൂര്‍വ ധാതുശേഖരം അമേരിക്കയ്ക്ക് നല്‍കാമെന്ന ഓഫറുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. യുദ്ധം അവസാനിപ്പിക്കുന്നതിന് പകരമായി യുക്രൈനിലെ ധാതുനിക്ഷേപത്തില്‍ അവകാശം വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. ഇതിനിടെയാണ് റഷ്യയുടെ വാഗ്ദാനം.
തിങ്കളാഴ്ച റഷ്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് പുടിന്‍ തൻ്റെ വാഗ്ദാനം മുന്നോട്ടുവെച്ചത്. യുക്രെയിന്റെ കൈവശമുള്ളതിനേക്കാള്‍ കൂടുതല്‍ അപൂര്‍വ ധാതുക്കളുടെ ശേഖരം റഷ്യയുടെ നിയന്ത്രണത്തിലുണ്ടെന്നും അമേരിക്കയും യുക്രെയിനും തമ്മിലുള്ള ധാതു ഖനന കരാർ യാഥാർത്ഥ്യമായാലും അത് റഷ്യയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സൈബീരിയയിലെ ക്രാസ്നോയാസ്‌കില്‍ അമേരിക്കയുമായി ചേര്‍ന്ന് സംയുക്തമായി അലുമിനിയം ഉത്പാദനം നടത്താമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നേരത്തേ അപൂര്‍വ ധാതുവിഭവങ്ങള്‍ അമേരിക്കയ്ക്ക് നല്‍കണമെന്ന വ്യവസ്ഥയുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പിടുന്നതിനായി ഡോണള്‍ഡ് ട്രംപ് സെലന്‍സ്‌കിയെ അമേരിക്കയില്‍ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരുന്നു. ഈ കരാര്‍ യാഥാര്‍ത്ഥ്യമായാല്‍ റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം ആഴ്ചകള്‍ക്കുള്ളില്‍ അവസാനിക്കുമെന്നും ട്രംപ് അഭിപ്രായപ്പെട്ടു.