വാഷിങ്ടൻ : കാറുകൾ അടക്കം യൂറോപ്യൻ യൂണിയൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 25% തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. പ്രാബല്യത്തിലാകുന്ന തീയതി പിന്നീടു പ്രഖ്യാപിക്കും. യുഎസ് നിർമിത കാറുകളും കാർഷികോൽപന്നങ്ങളും യൂറോപ്പ് വാങ്ങാറില്ലെന്നും യുഎസിനെ പിഴിയാനാണു യൂറോപ്യൻ യൂണിയൻ രൂപീകരിച്ചതെന്നും ട്രംപ് ആരോപിച്ചു. ലോകത്തിലെ ഏറ്റവും വലിയ തുറന്ന വിപണിയാണു യൂറോപ്പെന്നും ഇത് ഏറ്റവും പ്രയോജനപ്പെടുത്തിയത് യുഎസാണെന്നും ഇയു വക്താവ് പ്രതികരിച്ചു.
അതേസമയം, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് 25% അധിക തീരുവ മാർച്ച് 4നു തന്നെ നിലവിൽ വരുമെന്നു ട്രംപ് വ്യക്തമാക്കി. ബുധനാഴ്ചത്തെ കാബിനറ്റ് യോഗത്തിൽ, ഇത് ഏപ്രിൽ രണ്ടിലേക്കു നീട്ടിയെന്നു ട്രംപ് പറഞ്ഞത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. മാർച്ച് 4 മുതൽ ചൈനീസ് ഇറക്കുമതിക്ക് 10% തീരുവ കൂടി ഏർപ്പെടുത്തും.

