Monday, April 28, 2025
HomeAmericaഷിക്കാഗോയിൽ ഒരേ റൺവേയിൽ രണ്ട് വിമാനങ്ങൾ നേർക്കുനേർ എത്തി: ഒഴിവായത് വൻ ദുരന്തം

ഷിക്കാഗോയിൽ ഒരേ റൺവേയിൽ രണ്ട് വിമാനങ്ങൾ നേർക്കുനേർ എത്തി: ഒഴിവായത് വൻ ദുരന്തം

ഷിക്കാഗോ : അമേരിക്കയിൽ ഒരേ റൺവേയിൽ രണ്ട് വിമാനങ്ങൾ നേർക്കുനേർ എത്തി. ലാൻഡ് ചെയ്യാനെത്തിയ യാത്രാവിമാനവും ടേക്ക് ഓഫ് ചെയ്യാനെത്തിയ സ്വകാര്യ ജെറ്റുമാണ് നേർക്കുനേർ എത്തിയത്. യാത്രാവിമാനം വീണ്ടും പറന്നുയർന്നതിനാൽ അപകടം ഒഴിവായി. ഷിക്കാ​ഗോയിലെ മിഡ്‍വേ വിമാനത്താവളത്തിലായിരുന്നു സംഭവം. യാത്രവിമാനത്തിന്റെ പൈലറ്റിന്റെ സമയോചിത ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.

സൗത്ത് വെസ്റ്റ് എയർലൈൻസിന്റെ 2504 വിമാനമാണ് പ്രാദേശിക സമയം 8.50ന് റൺവേയിലേക്ക് ലാൻഡ് ചെയ്യാനായി എത്തിയത്. എന്നാൽ ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പാണ് മറ്റൊരു വിമാനം റൺവേയിലുള്ളത് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ വിമാനം വീണ്ടും പറന്നുയരുകയായിരുന്നു.

ചക്രങ്ങൾ റൺവേയിൽ തൊടുന്നതിന് 50 അടി മാത്രമുള്ളപ്പോഴാണ് ചെറുവിമാനം പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടതും വീണ്ടും പറന്നുയർന്നതും എന്നാണ് റിപ്പോർട്ട്. സ്വകാര്യ ബിസിനസ് ജെറ്റാണ് പറന്നുയരാനായി റൺവേയിൽ എത്തിയത്.

എഅനുമതിയില്ലാതെയാണ് സ്വകാര്യ ജെറ്റ് റൺവേയിലെത്തിയതെന്ന് അധികൃതർ അവകാശപ്പെട്ടു. പറന്നുയർന്ന സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനം പിന്നീട് സുരക്ഷിതമായി ലാൻഡ് ചെയ്ത് യാത്രക്കാരെ പുറത്തിറക്കി. നെബ്രാസ്കയിലെ ഒമാഹയിൽ നിന്നെത്തിയ വിമാനമാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്ന് രക്ഷപെട്ടത്.

സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനം റൺവേയിലേക്ക് ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നതും പെട്ടെന്ന് മറ്റൊരു ചെറുവിമാനം റൺവേയിലേക്ക് വരുന്നതും ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുമ്പായി സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനം വീണ്ടും പറന്നുയരുന്നതും ദൃശ്യങ്ങളിൽ കാണാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments