ന്യൂഡൽഹി: കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്കിതിരെ (കെ.പി.സി.സി) രൂക്ഷമായ വിമർശനവുമായി ബോളിവുഡ് നടി പ്രീതി സിൻറ. സമൂഹമാധ്യമമായ എക്സിൽ പ്രീതിസിൻറക്കെതിരെ കെ.പി.സി.സി അകൗണ്ടിൽ നിന്ന് പുറത്തുവന്ന പോസ്റ്റിനെതിരെയാണ് നടി പ്രതികരിച്ചത്.
പ്രീതി സിന്റയുടെ സാമൂഹമാധ്യമ അക്കൗണ്ടുകൾ ബി.ജെ.പിക്ക് കൈമാറിയെന്നും ഇതേ തുടർന്ന് 18 കോടിയുടെ വായ്പ ന്യൂ ഇന്ത്യ കോ-ഓപറേറ്റീവ് ബാങ്ക് എഴുതിതള്ളിയെന്നുമാണ് കെ.പി.സി.സി സ്വന്തം അകൗണ്ടിൽ പോസ്റ്റ് ചെയ്തത്. ന്യൂ ഇന്ത്യ കോ-ഓപ്പറേറ്റീവ് ബാങ്കിനെതിരേ കഴിഞ്ഞദിവസങ്ങളില്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച നടപടികളുടെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസിന്റെ ഈ ആരോപണം.
ഇതിനെതിരെയാണ് താരം രംഗത്ത് വന്നത്. കെ.പി.സി.സി പ്രചാരണം വ്യാജവും ലജ്ജാകരവുമാണെന്നും തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് താനാണെന്നും താരം എക്സിൽ കുറിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടി ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ ലജ്ജ തോന്നുകയാണെന്നും തന്റെ ചിത്രവും പേരും ഉപയോഗിച്ച് മോശം ഗോസിപ്പുകള്‍ പ്രചരിപ്പിക്കുന്നതില്‍ താന്‍ ഞെട്ടിപ്പോയെന്നും നടി പറയുന്നു.
പത്തു വർഷങ്ങൾക്ക് മുൻപാണ് താനൊരു വായ്പ എടുത്തതെന്നും തന്റെ വായ്പകൾ സ്വന്തം നിലയിൽ അടച്ചുതീർത്തുവുന്നെനും നടി പറഞ്ഞു.അതേസമയം, മാധ്യമങ്ങളിലൂടെ വന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ് പോസ്റ്റ് ഇട്ടതെന്ന് കോൺഗ്രസ് കേരള ഘടകം വിശദീകരണം നൽകി. നിങ്ങളുടെ സാമൂഹികമാധ്യമ അക്കൗണ്ടുകള്‍ കൈകാര്യംചെയ്യുന്നത് നിങ്ങള്‍ തന്നെയാണ് എന്നറിഞ്ഞതിലും മറ്റു സെലിബ്രറ്റികളെപ്പോലെ കുപ്രസിദ്ധമായ ഐ.ടി. സെല്ലിന് സാമൂഹികമാധ്യമ അക്കൗണ്ട് കൈമാറാതിരുന്നതിനും സന്തോഷമുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.