ഒട്ടാവ (കാനഡ) : ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ കനേഡിയൻ പൗരത്വം റദ്ദാക്കണമെന്ന ആവശ്യപ്പെട്ട് ഒന്നരലക്ഷം പേർ ഒപ്പിട്ട ഹർജി കാനഡ പാർലമെന്റിൽ സമർപ്പിച്ചു. കാനഡയെ തുടർച്ചയായി അധിക്ഷേപിക്കുകയും രാജ്യത്തെ യുഎസിന്റെ 51–ാം സംസ്ഥാനമാക്കി മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി മസ്കിനുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് പൗരത്വം റദ്ദാക്കണമെന്ന ആവശ്യവുമായി കാനഡക്കാർ രംഗത്തെത്തിയത്.
ഇതു സംബന്ധിച്ച ഹർജി ബ്രിട്ടിഷ് എഴുത്തുകാരി ക്വാലിയ റീഡിന്റെ നേതൃത്വത്തിൽ പാർലമെന്റിൽ സമർപ്പിച്ചു. ദക്ഷിണാഫ്രിക്കയിലാണു ജനിച്ചതെങ്കിലും കനേഡിയൻ സ്വദേശിയായ അമ്മ വഴിയാണ് മസ്കിന് കാനഡയിൽ പൗരത്വം ലഭിച്ചത്.