ദുബൈ: ഏകദിന ക്രിക്കറ്റിൽ അപൂർവ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി. ഏകദിന ക്രിക്കറ്റിൽ 14,000 റൺസ് ക്ലബിലെത്തുന്ന മൂന്നാമത്തെ താരമായി.
അതിവേഗം 14,000 റൺസ് നേടുന്ന ലോക റെക്കോഡും കോഹ്ലി സ്വന്തമാക്കി. ഇതിഹാസം സചിൻ ടെണ്ടുൽക്കറെയാണ് താരം മറികടന്നത്. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരായ മത്സരത്തിൽ 15 റൺസ് നേടിയതോടെയാണ് താരം ചരിത്ര നേട്ടത്തിലെത്തിയത്. ശ്രീലങ്കൻ മുൻ താരം കുമാർ സംഗക്കാരയാണ് 14,000 റൺസ് നേടിയ മറ്റൊരു താരം.
287 ഇന്നിങ്സുകളിലാണ് കോഹ്ലി ഏകദിനത്തിൽ 14,000 റൺസിലെത്തിയത്. സചിൻ 350 ഇന്നിങ്സുകളെടുത്തു. സംഗക്കാരക്ക് 14000 റൺസിലെത്താൻ 378 ഇന്നിങ്സുകൾ വേണ്ടിവന്നു.15 പന്തിൽ 20 റൺസെടുത്ത നായകൻ രോഹിത്തും 46 റൺസെടുത്ത ഗില്ലിന്റെയും വിക്കട്ടുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ 49.4 ഓവറിൽ 241 റൺസിന് ഓൾ ഔട്ടായി. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നു വിക്കറ്റ് നേടി. അർധ സെഞ്ച്വറി നേടിയ സൗദ് ഷക്കീലാണ് ടീമിന്‍റെ ടോപ് സ്കോറർ. 76 പന്തിൽ അഞ്ചു ഫോറടക്കം 62 റൺസെടുത്തു.
ഹാർദിക് പാണ്ഡ്യയുടെ പന്തിൽ വമ്പനടിക്ക് ശ്രമിച്ച ഷക്കീൽ, അക്സർ പട്ടേലിന് ക്യാച്ച് നൽകിയാണ് മടങ്ങിയത്. നായകൻ മുഹമ്മദ് റിസ്‌വാൻ 77 പന്തിൽ 46 റൺസെടുത്ത് അക്സർ പട്ടേലിന്‍റെ പന്തിൽ ബൗൾഡായി.ഇരുവരും മൂന്നാം വിക്കറ്റിൽ നേടിയ സെഞ്ച്വറി കൂട്ടുകെട്ടാണ് പാകിസ്താൻ ഇന്നിങ്സിന്‍റെ നട്ടെല്ല്. കുഷ്ദിൽ ഷായും (39 പന്തിൽ 38) ഭേദപ്പെട്ട പ്രകടനം നടത്തി. ദുബൈയിലെ സ്പിന്‍ പിച്ചിൽ ഇന്ത്യൻ സ്പിന്നർമാരുടെ തകർപ്പൻ ബൗളിങ്ങാണ് റണ്ണൊഴുക്ക് തടഞ്ഞത്.