രാജ്ഗഡ്: മധ്യപ്രദേശ് രാജ്ഗഡ് ജില്ലയിലെ സാരംഗ്പൂർ പൊലീസ് സ്റ്റേഷനിൽ 2021 മാർച്ചിൽ പരാതിയുമായി ഒരു സ്ത്രീയെത്തി. വാർഡ് കൗൺസിലറായ ഷഫീഖ് അൻസാരി എന്നയാൾ തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. ഷഫീഖിന്റെ മകന്റെ വിവാഹം ഉറപ്പിച്ച് ഒരു മാസം പിന്നിടുമ്പോഴായിരുന്നു ഇത്. പൊലീസ് എഫ്‌ഐആർ ഫയൽ ചെയ്തു. പിന്നാലെ, ഷഫീഖിനെയും വിവാഹം ഉറപ്പിച്ച അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് അഹ്‌സനിനെയും സഹോദരൻ ഇഖ്ബാൽ അൻസാരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. അദ്ദേഹത്തെ ഒളിപ്പിച്ചുവെന്ന കുറ്റമായിരുന്നു മകനും സഹോദരനുമെതിരെ ചുമത്തിയത്. ഇവരെ ജയിലിലടച്ച സമയത്ത് ജില്ലാ ഭരണകൂടം ബുൾഡോസറുകളുമായി പാഞ്ഞെത്തി ഷഫീഖ് അൻസാരിയുടെ ഇരുനില വീട് തകർത്തു തരിപ്പണമാക്കി. ഈ വീടിന് ഏതാണ്ട് രണ്ട് കോടി രൂപ വിലമതിക്കുമെന്ന് മാധ്യമപ്രവർത്തകനായ കാഷിഫ് കാക്വി പറയുന്നു.
ഷഫീഖ് അൻസാരി 94 ദിവസവും മകനും സഹോദരനും അഞ്ച് ദിവസവും ജയിലിൽ കിടന്നു. പിന്നീടാണ് ഇവർക്ക് ജാമ്യം ലഭിച്ചത്. ഒടുവിൽ, കഴിഞ്ഞ ദിവസം (ഫെബ്രുവരി 14) ബലാത്സംഗക്കേസിൽ രാജ്ഗഡ് ജില്ല സെഷൻസ് കോടതി വിധി പ്രഖ്യാപിച്ചു, കേസ് വ്യാജമാണെന്നും ഷഫീഖ് നിരപരാധിയാണെന്നുമായിരുന്നു കോടതിയുടെ കണ്ടെത്തൽ.സ്ത്രീയുടെയും ഭർത്താവിന്റെയും മൊഴികളിൽ കാര്യമായ വൈരുധ്യം ഉണ്ടെന്നായിരുന്നു രാജ്ഗഡ് ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജി ചിത്രേന്ദ്ര സിങ് സോളങ്കിയുടെ കണ്ടെത്തൽ.
സ്ത്രീയും ഭർത്താവും ചേർന്ന് മയക്കുമരുന്ന് വ്യാപാരം നടത്തുന്നതായി നാട്ടുകാരും വാർഡ് കൗൺസിലർ കൂടിയായ ഷഫീഖും നേരത്തെ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്താലാണ് ബലാത്സംഗ പരാതി കെട്ടിച്ചമച്ചതെന്നാണ് കോടതിയുടെ കണ്ടെത്തൽ.
“പരാതിയിൽ പറയുന്ന സമയത്ത് ഷഫീഖ് അൻസാരിയുടെ വീട്ടിൽ ഇരയുടെ സാന്നിധ്യം തന്നെ സംശയാസ്പദമാണ്. പ്രതി ഇരയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന ആരോപണം വൈദ്യ പരിശോധനയിലോ ശാസ്ത്രീയ തെളിവുകളാലോ തെളിയിക്കാനായിട്ടില്ല. സംഭവത്തെക്കുറിച്ച് ഭർത്താവിനെ അറിയിക്കാനും കേസ് നൽകാനും വൈകിയതിന് തൃപ്തികരമായ ഒരു കാരണവും പരാതിക്കാരി നൽകിയിട്ടില്ല” -കോടതി വിധിന്യായത്തിൽ പറയുന്നു.
മകന്റെ വിവാഹത്തിന് സഹായം തേടി ഷഫീഖിന്റെ വീട്ടിലേക്ക് പോയപ്പോൾ തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു സ്ത്രീയുടെ പരാതി. മയക്കുമരുന്ന് കച്ചവടത്തിനെതിരെ നൽകിയ പരാതിയെ തുടർന്ന് സ്ത്രീയുടെ വീട് മുനിസിപ്പാലിറ്റി അധികൃതർ പൊളിച്ചിരുന്നു. ഇതാണ് വ്യാജ പരാതി നൽകാൻ അവരെ പ്രേരിപ്പിച്ചതത്രെ.