Wednesday, August 27, 2025
HomeNewsവയനാട് പുനരധിവാസം: കേന്ദ്രവായ്പ അനുവദിച്ചതിലെ നിബന്ധനയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാർ ഹൈക്കോടതിയിൽ

വയനാട് പുനരധിവാസം: കേന്ദ്രവായ്പ അനുവദിച്ചതിലെ നിബന്ധനയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാർ ഹൈക്കോടതിയിൽ

കൊച്ചി : വയനാട് ചൂരൽമല-മുണ്ടക്കൈ പുനരധിവാസ പുനർനിർമാണ പ്രവർത്തനത്തിനു കേന്ദ്രം വായ്പ അനുവദിച്ചതിലെ നിബന്ധനയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാർ ഹൈക്കോടതിയിൽ. എന്തൊക്കെയാണ് ആശങ്കയെന്ന കാര്യം പ്രത്യേക സത്യവാങ്മൂലം നൽകാൻ കോടതി സർക്കാരിനു നിർദേശം നൽകി. ഈ മാസം 11ന് കേന്ദ്രത്തിന്റെ കത്ത് ലഭിച്ചിട്ടും എന്തുകൊണ്ടാണ് പണം വിനിയോഗവുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താതിരുന്നതെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യം ആരാഞ്ഞ് വ്യാഴാഴ്ച കേന്ദ്രത്തെ ബന്ധപ്പെട്ടിട്ടുണ്ടെന്നു സംസ്ഥാന സർക്കാർ അറിയിച്ചപ്പോൾ എന്തുകൊണ്ടാണ് ഇത്ര വൈകിയതെന്ന് കോടതി ചോദിച്ചു.

സത്യവാങ്മൂലം നൽകുന്നുണ്ടെങ്കിൽ കേസ് പരിഗണിക്കുന്നതിനു 3 ദിവസം മുൻപെങ്കിലും ഇത് ഫയൽ ചെയ്യണമെന്നും അതുവഴി കോടതിക്കും എതിർ കക്ഷികൾക്കും അതിനോട് പ്രതികരിക്കാൻ സാധിക്കുമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരന്‍ നമ്പ്യാർ, എസ്.ഈശ്വരൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഓരോ തവണയും കേസ് എടുക്കുമ്പോൾ കാര്യങ്ങൾ സമയത്ത് അറിയിക്കാത്തിനാൽ നീണ്ടു പോവുകയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കേസ് വീണ്ടും മാർച്ച് 3ന് പരിഗണിക്കും.

പുനരധിവാസ–പുനർനിർമാണ പ്രവർത്തനങ്ങൾക്കായി കേന്ദ്രം 529.50 കോടി രൂപയാണ് വായ്പയായി അനുവദിച്ചത്. എന്നാൽ മാർച്ച് 31ന് മുൻപു വിനിയോഗ സർട്ടിഫിക്കറ്റ് നൽകണമെന്ന വ്യവസ്ഥയാണ് കേന്ദ്രം വച്ചിട്ടുള്ളതെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ വ്യക്തത വരുത്താമെന്നും എന്തൊക്കെയാണ് സംസ്ഥാനത്തിന്റെ ആശങ്കയെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നൽകാനും തുടർന്ന് കോടതി നിർദേശിക്കുകയായിരുന്നു.

എല്ലാം കടലാസിലുണ്ട്, ഒന്നും നടപ്പാക്കിയിട്ടില്ല എന്നതാണ് പലപ്പോഴും നമ്മുടെ അവസ്ഥയെന്ന് പരാമർശിച്ച കോടതി, പുനരധിവാസ പ്രവർത്തനങ്ങൾ എത്രത്തോളമായി എന്നും ആരാഞ്ഞു. ദുരന്ത മേഖലയിലെ നദിയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന ജോലികൾ മാർച്ച് ആദ്യം ആരംഭിക്കുമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ജനവാസ മേഖലയിലെ അവശിഷ്ടങ്ങളാണ് ആദ്യം നീക്കുന്നത്. ജൂണിനു മുൻപ് ജനവാസമേഖലയിൽ നദി പഴയ രീതിയിലാക്കാനാണു ലക്ഷ്യമിടുന്നതെന്നും അതോറിറ്റി വ്യക്തമാക്കി. എന്നു തുടങ്ങി, എന്ന് അവസാനിക്കും എന്നതിൽ വ്യക്തമായ സമയക്രമം ഉണ്ടായിരിക്കണമെന്നും കോടതി നിർേദശിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments