തിരുവനന്തപുരം: പാലക്കാട് ബ്രൂവറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇടതുപക്ഷ തീരുമാനം വിശദീകരിച്ച് എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ. 2023-2024-ൽ കേരളത്തിന്റെ മദ്യനയം പ്രഖ്യാപിച്ചപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണി വ്യക്തമാക്കിയിട്ടുള്ള കാര്യമാണ് കേരളത്തിനാവശ്യമായ സ്പിരിറ്റും മദ്യവും ഇവിടെ ഉദ്പ്പാദിപ്പിക്കുന്നതിനാവശ്യമായ നിലപാട് സ്വീകരിക്കുമെന്ന്. അതിന് നേരത്തേതന്നെ ശ്രമം തുടങ്ങിയിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കിഫ്ബി സംരക്ഷിക്കേണ്ടത് കേരളത്തിന്റെ ഭാവി വികസനത്തിന് ആവശ്യമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബ്രൂവറി സ്ഥാപിക്കുകയെന്നത് സർക്കാരിന്റെ ഭരണപരമായ നടപടിയുടെ ഭാഗമാണെന്ന് ടി.പി.രാമകൃഷ്ണൻ വ്യക്തമാക്കി. അത് ആ നിലയിൽ മുന്നോട്ടുപോവുകയാണ്. പല ആശങ്കകളും ഇതുസംബന്ധിച്ച് ഉയർന്നുവന്നിട്ടുണ്ട്. കുടിവെള്ളത്തെയും കൃഷിയേയും ബാധിക്കുമോ എന്നെല്ലാമാണ് ആ ആശങ്കകൾ. ഒരുതരത്തിലും ഇവ രണ്ടിനേയും ബാധിക്കാത്ത നിലയിലായിരിക്കണം ഇത്തരം പദ്ധതികൾ മുന്നോട്ടുപോകേണ്ടതെന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലപാട് എന്നും അദ്ദേഹം പറഞ്ഞു
കൂടുതൽ കരുത്തോടെ മുന്നോട്ടുപോകുന്ന നിലപാട് തന്നെയാണ് എൽ.ഡി.എഫ് സ്വീകരിക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ വ്യത്യസ്തങ്ങളായ പാർട്ടികളുണ്ട്. അവർ വ്യത്യസ്തമായ അഭിപ്രായങ്ങൾ പറഞ്ഞെന്നിരിക്കും. അതെല്ലാം മുന്നണിയ്ക്കകത്ത് ചർച്ച നടത്തി ഏകീകരിച്ച് ധാരണയിലെത്തി നടപ്പിലാക്കുക എന്നതാണ് പൊതുവേ സ്വീകരിക്കുന്ന നിലപാട്. ജനങ്ങളോടാണ് എപ്പോഴും കൂട്ടുത്തരവാദിത്തം. ആ ഉത്തരവാദിത്തം നിറവേറ്റി പ്രവർത്തിക്കാനാണ് ശ്രമിക്കുന്നത്.
കിഫ്ബി വൻകിട പദ്ധതികൾക്കും ചെറുകിട പദ്ധതികൾക്കും ഒരുപോലെ പണം ചെലവഴിക്കുന്നുണ്ട്. വൻകിട പദ്ധതികൾക്കുവേണ്ടി ചെലവഴിക്കുമ്പോൾ അതുവഴി ധനം സമാഹരിക്കുന്നതിനുള്ള നിലപാടാണ് സ്വീകരിക്കാറുള്ളത്. കിഫ്ബിയുടെ സംരക്ഷണത്തിന് അതാവശ്യമാണ്. ടോളുമായി ബന്ധപ്പെട്ട് ഇപ്പോൾ തീരുമാനമൊന്നും എടുത്തിട്ടില്ല. പരിഗണനയിലുള്ള വിഷയമാണെങ്കിലും സർക്കാരും ഇക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. സർക്കാർ എല്ലാ വശവും പരിഗണിച്ച് തീരുമാനമെടുത്ത ശേഷമേ ആ കാര്യങ്ങളെക്കുറിച്ച് അഭിപ്രായം പറയാൻ കഴിയുകയുള്ളൂ.
വരുമാനം ആർജിക്കുന്നതിനുള്ള സോഴ്സ് കണ്ടുപിടിക്കുന്നതിനുള്ള നിലപാട് സ്വീകരിക്കണമെന്ന് എൽ.ഡി.എഫിന് അഭിപ്രായമുണ്ട്. കിഫ്ബി സംരക്ഷിക്കണം. അത് കേരളത്തിന്റെ ഭാവി വികസനത്തിന് ആവശ്യമാണ്. ഈ നിലപാടുമായി മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.