ന്യൂഡൽഹി: യോഗ ഗുരുവും പതഞ്ജലി സ്ഥാപകനുമായ ബാബ രാംദേവ് അമേരിക്കൻ ശതകോടീശ്വരൻ ബ്രയാൻ ജോൺസണെ എക്സിൽ ബ്ലോക്ക് ചെയ്തുവെന്ന് റിപ്പോർട്ട്. ബാബ രാംദേവിനെ വിമർശിച്ചതിനെ തുടർന്നാണ് നടപടി. യുവത്വം നിലനിർത്താൻ സഹായിക്കുമെന്ന് അവകാശപ്പെട്ട് മരുന്ന് ബാബ രാംദേവ് പുറത്തിറക്കിയിരുന്നു. ഇതിന്റെ പ്രചാരണത്തിനായി ബാബ രാംദേവ് കുതിരകൾക്കൊപ്പം ഓടിയിരുന്നു. ഇൗ വിഡിയോയെ വിമർശിച്ചതിനെ തുടർന്നാണ് എക്സിൽ ബ്ലോക്ക് ചെയ്തത്.
ചൊവ്വാഴ്ചയാണ് എക്സിലൂടെ രാംദേവ് വീഡിയോ പങ്കുവെച്ചത്. പതഞ്ജലിയുടെ പുതിയ ഉൽപന്നമായ സ്വർണ ഷിലാജിത് ഇമ്മുണോഗ്രിത് ഗോൾ സ്റ്റാമിനയും പ്രതിരോധവും വർധിപ്പിക്കാൻ സഹായിക്കുമെന്നും യുവത്വം നിലനിർത്തുമെന്നുമാണ് ബാബ രാംദേവ് പറഞ്ഞത്.
ഈ വിഡിയോക്ക് താഴെ ഹരിദ്വാറിന്റെ വായുഗുണനിലവാരം ഉൾപ്പടെ ചൂണ്ടിക്കാട്ടി ബ്രയാൻ ജോൺസൺ കമന്റിട്ടു. ഹരിദ്വാറിലെ മോശം വായുനിലവാരം ഹൃദയത്തിന്റെ പ്രശ്നങ്ങൾക്കും അർബുദം, ശ്വാസകോശരോഗങ്ങൾ എന്നിവക്ക് കാരമാകുമെന്നായിരുന്നു ബ്രയാൻ ജോൺസന്റെ കമന്റ്. ഇതിന് പിന്നാലെ ബാബ രാംദേവ് എക്സിൽ തന്നെ ബ്ലോക്ക് ചെയ്യുകയായിരുന്നുവെന്നാണ് ബ്രയാൻ ജോൺസൺ പറഞ്ഞത്.
അതേസമയം, ബ്രയാൻ ജോൺസന്റെ അഭിപ്രായത്തെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്. വായുഗുണനിലവാരം മോശമായതിനാൽ തങ്ങൾക്ക് പല പ്രശ്നങ്ങളും നേരിടേണ്ടി വന്നിരുന്നുവെന്ന് നിരവധി യൂസർമാർ അഭിപ്രായപ്പെട്ടു .