പണത്തേക്കാൾ മൂല്യമുള്ള സ്നേഹം. ആ നന്മയുടെ തിരിച്ചറിവ് അമ്മുവിന് പകരുന്നത് അവളുടെ ശ്രീജ ടീച്ചറാണ്. ലോകത്തിലെ യഥാർത്ഥ അത്ഭുതം ടീച്ചറുമാരാണെന്ന്
കാട്ടിത്തരുകയാണ് ‘മണി പ്ലാൻ്റ്’ എന്ന ഹ്രസ്വചിത്രം. കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിസ് കൈറ്റ്സ് ഒരുക്കിയ ‘മണി പ്ലാൻ്റ്’ നവമാധ്യമങ്ങളിൽ ശ്രദ്ധ നേടി കഴിഞ്ഞു.
സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്കൊപ്പം അധ്യാപകരും അനധ്യാപകരും വിവിധ വേഷങ്ങളിലെത്തുന്നു. വിദ്യാർത്ഥികൾക്കായി ചലച്ചിത്ര പരിശീലന ക്ലാസുകളും ശിൽപ്പശാലകളും സംഘടിപ്പിച്ചാണ് ‘മണി പ്ലാൻ്റി’ ൻ്റെ രചനയും അഭിനേതാക്കളെ തിരഞ്ഞെടുക്കലും പൂർത്തിയാക്കിയത്.

കുട്ടികൾ സിനിമ ആസ്വദിക്കുന്നതിനൊപ്പം അതിൻ്റെ സാധ്യതകളെയും തിരിച്ചറിയാനാണ് ഇത്തരമൊരു ചിത്രം ഒരുക്കിയതെന്ന് ‘മണി പ്ലാൻ്റിന്’ നേതൃത്വം നൽകിയ അധ്യാപിക അപ്സര പി. ഉല്ലാസ് പറഞ്ഞു. ചിത്രം ഇതിനോടകം നിരവധി പുരസ്കാരങ്ങളും നേടിക്കഴിഞ്ഞു. സാമൂഹിക മാധ്യമങ്ങളിലും മികച്ച പ്രതികരണമാണ് ചിത്രത്തിനുള്ളത്.

ആരുഷ് എസ് ആണ് ചിത്രത്തിൻ്റെ സംവിധാനം. ജെറീറ്റ രഞ്ജിയാണ് രചന നിർവഹിച്ചിരിക്കുന്നത്. ക്യാമറ റോൺ ടി. പ്രകാശ്, എഡിറ്റിംഗ് ആൽഫിൻ ജോ മാത്യു, നിർമാണം ജ്യോതിസ് പി. ഉല്ലാസ്. അധ്യാപികമാരായ അപ്സര പി. ഉല്ലാസ്, വിധു ആർ, ശ്രീജ എസ്. എന്നിവരാണ് കുട്ടികൾക്ക് പരിശീലനവും നിർദ്ദേശങ്ങളും നൽകിയത്.


അനിരുദ്ധ് ഉദയ്, ഗിരീഷ് കുമാർ ആർ, മഞ്ജു പി. നായർ, ആർ. സുരേഷ് കുമാർ, ബിനു കെ. ബി. തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.


