പട്ന: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 18 പേർ മരിച്ചിട്ടും കുംഭമേള ഭക്തർക്ക് സുഗമമായി യാത്ര ചെയ്യാനുള്ള സംവിധാനം ഇനിയും ഒരുങ്ങിയിട്ടില്ലെന്ന് ആക്ഷേപം. ഇത് തെളിയിക്കുന്ന ദൃശ്യങ്ങൾ ബിഹാറിൽ നിന്ന് പുറത്ത് വന്നു. ട്രെയിനിൽ കയറാനായി ആളുകൾ തിരക്ക് കൂട്ടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. എന്നാൽ, ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്നിനായി ആർ.പി.എഫോ മറ്റ് സായുധസേന സംഘങ്ങളോ ഇല്ലെന്നത് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകും.
ബിഹാറിലെ ഗയ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യങ്ങളാണ് പി.ടി.ഐ പുറത്ത് വിട്ടത്. നേരത്തെ ബിഹാറിൽ ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രയാഗ്രാജിലേക്കുള്ള ട്രെയിനിൽ കയറാൻ പറ്റാത്തതിനെ തുടർന്നാണ് ആളുകൾ ട്രെയിനിന് നേരെ കല്ലെറിഞ്ഞത്. മധുബാനി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം. ഉത്തർപ്രദേശിലെ വാരണാസിയിലും ട്രെയിനിന് നേരെ കല്ലേറ് നടന്നിരുന്നു.
പ്രയാഗ്‌രാജിലേക്ക് പോകാനുള്ള രണ്ട് തീവണ്ടികളുടെ പേരിലുണ്ടായ ആശയക്കുഴപ്പത്തെ തുടർന്ന് ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കും തിരക്കും ഉണ്ടാവുകയും ദുരന്തത്തിൽ 18 പേർ മരിക്കുകയും ചെയ്യുകയായിരുന്നു. പ്രയാഗ്‌രാജ് സ്പെഷ്യൽ ട്രെയിൻ 16-ാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് ഉടനെത്തിച്ചേരും എന്നായിരുന്നു റെയിൽവേ അധികൃതർ നൽകിയ അറിയിപ്പ്. ഇത് 14-ാം നമ്പർ പ്ലാറ്റ്ഫോമിൽ പ്രയാഗ്‌രാജ് എക്സ്പ്രസിന് കാത്തിരുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കി. തങ്ങൾക്ക് കയറേണ്ട ട്രെയിൻ 16-ാം നമ്പർ പ്ലാറ്റ്ഫോമിലേക്കാണ് വരുന്നതെന്ന് ഇവർ തെറ്റിദ്ധരിച്ചു. ഇവർ 16-ാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് പോകാൻ തുടങ്ങിയതോടെ പ്ലാറ്റ്ഫോമിൽ വലിയതോതിലുള്ള ആൾക്കൂട്ടം രൂപപ്പെട്ടു. ഇത് ദുരന്തത്തിന് വഴിവെക്കുകയായിരുന്നു.