Friday, May 9, 2025
HomeEntertainmentസിനിമയില്‍ അഭിനയിപ്പിക്കാമെന്ന് യുവനടിയെ പറഞ്ഞ് വിശ്വസിപ്പിച്ചു, ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു: സിദ്ദിഖിനെതിരെ കുറ്റപത്രം

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് യുവനടിയെ പറഞ്ഞ് വിശ്വസിപ്പിച്ചു, ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു: സിദ്ദിഖിനെതിരെ കുറ്റപത്രം

തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടന്‍ സിദ്ദിഖിനെതിരെ കുറ്റപത്രം തയ്യാറാക്കി പ്രത്യേക അന്വേഷണ സംഘം. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത് ദുരുദേശത്തോടെയെന്ന് വ്യക്തമാക്കിയാണ് കുറ്റപത്രം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുന്‍പ് തന്നെ നടി പീഡനം വെളിപ്പെടുത്തിയതിന് സാക്ഷികളുണ്ടെന്നും കുറ്റപത്രത്തില്‍  വ്യക്തമാക്കുന്നു.

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നുള്ള സിദ്ദിഖിന്‍റെ പടിയിറക്കത്തിന് വഴിവെച്ച പീഡനപരാതി ശരിയെന്ന് ഉറപ്പിക്കുകയാണ് പ്രത്യേക അന്വേഷണസംഘം. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് യുവനടിയെ പറഞ്ഞ് വിശ്വസിപ്പിച്ച് ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് തെളിവ് നിരത്തി കുറ്റപത്രത്തില്‍ സ്ഥിരീകരിക്കുന്നത്. 2016 ജനുവരി 28 ന് തിരുവനന്തപുരത്ത് മാസ്കറ്റ് ഹോട്ടലിലെ മുറിയിലായിരുന്നു പീഡനം. സുഖമായിരിക്കട്ടേ എന്ന സിനിമയുടെ പ്രിവ്യൂവിനായെത്തിയ നടിയെ സിദ്ദിഖ് ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നു. പ്രിവ്യൂ കാണാന്‍ നടിയേയും കുടുംബത്തേയും സിദ്ദിഖ് ക്ഷണിച്ചതിനും യുവനടി മസ്‌കറ്റ് ഹോട്ടലില്‍ എത്തിയതിനും സിദ്ദിഖ് അന്ന് അവിടെ താമസിച്ചതിനും സാക്ഷിമൊഴികളും ഡിജിറ്റല്‍ തെളിവുകളുമുണ്ടെന്നും കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു

ഹോട്ടലിലേക്കെത്തുമ്പോള്‍ രക്ഷിതാക്കള്‍ക്കൊപ്പം ഒരു സുഹൃത്തും യുവതിയൊടൊപ്പമുണ്ടായിരുന്നു. കുറ്റകൃത്യം നടക്കുന്ന സമയം ഉപയോഗിച്ചിരുന്ന മൊബൈൽ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈമാറാൻ സിദ്ദിഖ് തയ്യാറായില്ല. പക്ഷെ പരാതിക്കാരി നൽകിയ ഡിജിറ്റൽ തെളിവുകള്‍ നിർണായകമായി. കുറ്റകൃത്യം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് പരാതിയെന്നതായിരുന്നു ആരോപണം നിഷേധിക്കാനുള്ള സിദ്ദിഖിൻ്റെ പ്രധാന വാദം. യുവതി സമാന ആരോപണം ഉന്നയിച്ച ഫേസ്ബുക്ക് പോസ്റ്റുകളിലൊന്നും തന്‍റെ പേരില്ലെന്നും വാദിച്ചിരുന്നു. അതിനുള്ള മറുപടിയും കുറ്റപത്രത്തിലുണ്ട്. ബലാത്സംഗത്തിന് ശേഷം യുവതി എറണാകുളത്ത് ഡോക്ടറുടെ അടുത്ത് ചികിത്സ തേടിയിരുന്നു. തന്നോട് നടി നേരത്തെ പീഡനവിവരം വെളിപ്പെടുത്തിയെന്നാണ് ഡോക്ടറുടെ മൊഴി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയെടുത്ത കേസുകളില്‍ ഏറ്റവും ശക്തമായ തെളിവുള്ള കേസെന്ന നിലക്കാണ് പ്രത്യേകസംഘം അന്വേഷണം പൂര്‍ത്തിയാക്കിയത്. ക്രൈംബ്രാഞ്ച് മേധാവിയുടെ അനുമതി ലഭിച്ചാലുടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments