Thursday, August 21, 2025
HomeAmericaട്രംപിന്റെ അടുത്ത പണി സർവകലാശാലകൾക്കും ഗവേഷകർക്കും നേരെ; യു.എസിലെ ശാസ്ത്രലോകം ആശങ്കകളോടെ കാണുന്നു

ട്രംപിന്റെ അടുത്ത പണി സർവകലാശാലകൾക്കും ഗവേഷകർക്കും നേരെ; യു.എസിലെ ശാസ്ത്രലോകം ആശങ്കകളോടെ കാണുന്നു

വാഷിംങ്ടൺ: യു.എസ് സർവകലാശാലകളിലെ ഗവേഷണത്തിനായുള്ള കോടിക്കണക്കിന് ഡോളർ ധനസഹായവും ശാസ്ത്ര മേഖലയിലെ തൊഴിൽ ശക്തിയെയും വെട്ടിക്കുറക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിനെതിരെ ശാസ്ത്രജഞർ. ട്രംപിന്റെ ഏറ്റവും അടിയന്തര ഭീഷണികൾ തങ്ങളെ ലക്ഷ്യം വെച്ചുള്ളതാണെന്ന് അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന ശാസ്ത്ര സമൂഹങ്ങളിലൊന്നിന്റെ, ബോസ്റ്റണിൽ കഴിഞ്ഞ ആഴ്ച നടന്ന വാർഷിക സമ്മേളനം ചൂണ്ടിക്കാട്ടി. ‘ഞങ്ങൾക്ക് എല്ലാ ഭാഗത്തുനിന്നും പ്രഹരമേൽക്കുന്നതുപോലെയാണെ’ന്ന് ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിലെ ഗവേഷണ വൈസ് ചാൻസലർ റോജർ വാക്കിമോട്ടോ പറഞ്ഞു.

പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് തന്റെ രണ്ടാം ടേമിലേക്ക് കടന്ന് ആഴ്‌ചകൾക്കുള്ളിൽ തന്നെ എൻഡോവ്‌മെൻ്റുകൾക്കുള്ള ഭീഷണി, നിയമപരമായ പദവിയില്ലാതെ രാജ്യത്തെ വിദ്യാർത്ഥികളെ നാടുകടത്താനുള്ള സാധ്യത തുടങ്ങിയ ഉത്തരവുകൾ കൊണ്ട് സർവകലാശാലകളെ ആശങ്കയിലാഴ്ത്തുകയുണ്ടായി.

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, നാഷണൽ സയൻസ് ഫൗണ്ടേഷൻ എന്നിങ്ങനെ യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ പൊതു ഗവേഷണ ഫണ്ടിങ്ങിന്റെ മൂലക്കല്ലുകളായി കരുതുന്ന സ്ഥാപനങ്ങളെ ബാധിക്കുന്ന ദൂരവ്യാപകമായ മാറ്റങ്ങൾ ഇനിയും വരാനിരിക്കുന്നതായി ശാസ്ത്രജ്ഞർ ആശങ്കപ്പെടുന്നു. രണ്ടു ഏജൻസികളും ചേർന്ന് ഓരോ വർഷവും ആയിരക്കണക്കിന് പ്രോജക്ടുകൾക്ക് ധനസഹായം നൽകുന്നുണ്ട്. എല്ലാ സംസ്ഥാനങ്ങളിലെയും സ്ഥാപനങ്ങളിലെ ലക്ഷക്കണക്കിന് ഗവേഷകരെയും മറ്റ് തൊഴിലാളികളെയും പിന്തുണക്കുന്നു. ക്യാൻസറിനെ പ്രതിരോധിക്കാനും സമുദ്രനിരപ്പിന്റെ വർധനവ് പരിഹരിക്കുന്നതിനും അഡ്വാൻസ് ക്വാണ്ടം കമ്പ്യൂട്ടിങ് എന്നിവക്കും മറ്റും ഉള്ള അമേരിക്കൻ ഗവേഷണ ശ്രമങ്ങൾക്ക് സാമ്പത്തിക നട്ടെല്ല് നൽകുന്നവയാണ് ഈ ഏജൻസികൾ.

നാഷണൽ ഇന്റസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ ഫണ്ടിങ്ങിൽ 400 കോടി ഡോളർ വെട്ടിക്കുറക്കാനുള്ള പദ്ധതി നിർത്തിവെക്കാൻ ഫെഡറൽ ജഡ്ജി ട്രംപ് ഭരണകൂടത്തോട് ഉത്തരവിട്ടിരുന്നു. എന്നാൽ, ട്രംപ് തന്റെ നീക്കവുമായി മുന്നോട്ടു പോവുകയും മറ്റ് ഏജൻസികളിലുടനീളം സമാനമായ മാറ്റങ്ങൾ നടപ്പിലാക്കുകയും ചെയ്താൽ ആ സ്ഥാപനങ്ങളിലും അവരുടെ കമ്യൂണിറ്റികളിലും ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ വിനാശകരമാകുമെന്ന് സർവകലാശാല അധികൃതർ പറയുന്നു.

അമേരിക്കയുടെ ആധുനിക ശാസ്ത്ര നേതൃത്വത്തിന് അടിവരയിടുന്ന അടിസ്ഥാന മാതൃക അപകടത്തിലാണെന്ന് സയൻസ് ജേണലിൻ്റെ എഡിറ്റർ ഇൻ ചീഫ് ഹോൾഡൻ തോർപ്പ് പറഞ്ഞു. സയൻസ് കോൺഫറൻസിനായി ബോസ്റ്റണിലെ കൺവെൻഷൻ സെന്ററിൽ തടിച്ചുകൂടിയ 3,500 പേരുടെ ഇടയിൽ സംസാരത്തിന്റെ ഭൂരിഭാഗവും ഒരു ചോദ്യത്തിലേക്കാണ് ചെന്നെത്തിയത്. ‘ഇനി എന്തുചെയ്യും?’ എന്ന്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments