Monday, July 21, 2025
HomeIndiaനരേന്ദ്ര മോദിയെ വിമർശിച്ച് കാർട്ടൂൺ ഇറക്കി തമിഴ് മാധ്യമമായ ‘വികടൻ’: കേന്ദ്രനിർദേശം പ്രകാരം ...

നരേന്ദ്ര മോദിയെ വിമർശിച്ച് കാർട്ടൂൺ ഇറക്കി തമിഴ് മാധ്യമമായ ‘വികടൻ’: കേന്ദ്രനിർദേശം പ്രകാരം പ്രവർത്തനം തടസപ്പെടുത്തി, നിലപാട് വ്യക്തമാക്കി വികടൻ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിച്ച് കാർട്ടൂൺ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് കേന്ദ്ര സർക്കാർ നിർദേശത്തിൽ പ്രവർത്തനം തടസപ്പെടുത്തിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി തമിഴ് മാധ്യമമായ ‘വികടൻ’.

ആവിഷ്കാര സ്വാതന്ത്ര്യത്തിന് വേണ്ടി ശക്തമായി നിലകൊള്ളുമെന്ന് ‘വികടൻ’ ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കും എന്ന തത്വമനുസരിച്ചാണ് എപ്പോഴും പ്രവർത്തിച്ചിട്ടുള്ളതെന്നും അത് തുടരുമെന്നും വികടൻ പ്രഖ്യാപിച്ചു. വെബ്‌സൈറ്റിന്‍റെ പ്രവർത്തനം മുടക്കിയതിനെ കുറിച്ച് സർക്കാർ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും വികടൻ ഗ്രൂപ്പ് വ്യക്തമാക്കി.

ഫെബ്രുവരി പത്തിനാണ് വികടന്റെ ഡിജിറ്റൽ മാസികയായ വികടൻ പ്ലസ് അനധികൃത ഇന്ത്യക്കാരെ കയ്യാമംവെച്ച് അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന വിഷയം എടുത്തു കാണിക്കുന്ന കവർ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചകളിൽ പ്രധാനമന്ത്രി ഇക്കാര്യം ചർച്ച ചെയ്തില്ലെന്നും കാർട്ടൂണിൽ സൂചിപ്പിക്കുന്നുണ്ട്.

കാർട്ടൂൺ പ്രസിദ്ധീകരിച്ച വികടനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്റ് കെ. അണ്ണാമലൈ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർപേഴ്‌സൺ, പാർലമെന്ററി കാര്യ സഹമന്ത്രി എൽ. മുരുകൻ എന്നിവർക്ക് പരാതി നൽകിയിരുന്നു. വികടനിൽ പ്രത്യക്ഷപ്പെട്ട അഞ്ച് കാർട്ടൂണുകൾ ചൂണ്ടിക്കാട്ടി പരാതി നൽകി ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് വെബ്സൈറ്റിന്‍റെ പ്രവർത്തനം മുടക്കിയത്.

തമിഴ്‌നാട്ടിലെ ഏറ്റവും പഴക്കവും പാരമ്പര്യവുമുള്ള പ്രമുഖ മാധ്യമ സ്ഥാപനങ്ങളിൽ ഒന്നാണ് വികടൻ ഗ്രൂപ്പ്. മോദിയുടെ നയങ്ങളെ വിമർശിച്ച് മുമ്പും നിരവധി കാർട്ടൂണുകൾ വികടൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments