ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ടയുടെ വാഹന നിരയിൽ ഏറ്റവും ദൈർഘ്യമേറിയ കാത്തിരിപ്പ് കാലയളവ് ഉള്ള മോഡലാണ് അർബൻ ക്രൂയിസർ ഹൈറൈഡർ. ഈ കാറിനുള്ള ആവശ്യകതയും ഉയർന്നതാണെന്ന് ഇത് വ്യക്തമാക്കുന്നു. ഓരോ സാമ്പത്തിക വർഷവും അതിന്റെ വിൽപ്പനയിൽ ശക്തമായ വർദ്ധനവ് കാണപ്പെടുന്നു. എങ്കിലും ഈ കാറിന്റെ വിൽപ്പന കൂടുതൽ വർധിപ്പിക്കുന്നതിനായി കമ്പനി ഈ മാസം ഒരു ചെറിയ കിഴിവും നൽകുന്നു. ഈ കാർ വാങ്ങുന്നതിലൂടെ 20,000 രൂപ വരെ ലാഭിക്കാൻ കഴിയും. ജി & വി (പെട്രോൾ എംടി/എടി) വേരിയന്റിന് 20,000 രൂപയും എസ് & ഇ (പെട്രോൾ എംടി/എടി) വേരിയന്റിന് 11,000 രൂപയും എക്സ്ചേഞ്ച് ബോണസ് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 11.14 ലക്ഷം രൂപയാണ്.
അർബൻ ക്രൂയിസർ ഹൈറൈഡറിന്റെ സവിശേഷതകൾ – ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ സിഎൻജിയിൽ 1.5 ലിറ്റർ കെ-സീരീസ് എഞ്ചിൻ ഉൾപ്പെടുന്നു, ഇത് 5500 ആർപിഎമ്മിൽ 86.63 ബിഎച്ച്പി പവറും 4200 ആർപിഎമ്മിൽ 121.5 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. എസ്‌യുവിയിലെ എഞ്ചിൻ 5-സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. ടൊയോട്ട നേരത്തെ തങ്ങളുടെ പ്രീമിയം ഹാച്ച്ബാക്ക് ഗ്ലാൻസയിൽ ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റ് വാഗ്ദാനം ചെയ്തിരുന്നു.
ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ സിഎൻജിയിൽ മാനുവൽ ട്രാൻസ്മിഷൻ മാത്രമേ ലഭ്യമാകൂ. ഇതിന്റെ മൈലേജ് 26.6 KM/KG ആണ്. അതേസമയം ഗ്രാൻഡ് വിറ്റാര സിഎൻജിയുടെ മൈലേജും സമാനമാണ്.
ഹൈറൈഡർ സ്ട്രോങ് – ഹൈബ്രിഡിന് 0.76 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്ക് ലഭിക്കുന്നു, ഇത് ARAI സാക്ഷ്യപ്പെടുത്തിയ മൈലേജ് 29.97 kmpl നൽകുന്നു.ഇതിന്റെ സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കിൽ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, കണക്റ്റഡ് കാർ ടെക്, ഫുൾ-എൽഇഡി ഹെഡ്‌ലാമ്പുകൾ, ആംബിയന്റ് ഇന്റീരിയർ ലൈറ്റിംഗ്, 6 എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്പി (ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം) എന്നിവ ഇതിലുണ്ട്. 17 ഇഞ്ച് അലോയ് വീലുകൾക്കൊപ്പം ടൊയോട്ടയുടെ ഐ-കണക്റ്റ് സോഫ്റ്റ്‌വെയറും ഇതിന് ലഭിക്കുന്നു. ഇത് നിങ്ങളുടെ ഡ്രൈവിംഗ് എളുപ്പമാക്കും , വ്യത്യസ്‍ത പ്ലാറ്റ്‌ഫോമുകളുടെ സഹായത്തോടെ കാറുകളിൽ ലഭ്യമായ കിഴിവുകളാണ് മുകളിൽ വിശദീകരിച്ചിരിക്കുന്നത്. മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾക്കും വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു
. അതായത് ഈ കിഴിവ് നിങ്ങളുടെ നഗരത്തിലോ ഡീലറിലോ കൂടുതലോ കുറവോ ആയിരിക്കാം. അത്തരമൊരു സാഹചര്യത്തിൽ, ഒരു കാർ വാങ്ങുന്നതിന് മുമ്പ്, കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ തൊട്ടടുത്തുള്ള പ്രാദേശിക ഡീലറെ സമീപിക്കുക.


