കോഴിക്കോട്: കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ ആനകൾ ഇടഞ്ഞതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മൂന്നു പേർക്ക് ദാരുണാന്ത്യം. ക്ഷേത്രോത്സവം കാണാനെത്തിയ ലീല (85), അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്. മൂന്നാമത്തെ ആളുടെ പേരുവിവരങ്ങൾ ലഭിച്ചിട്ടില്ല. സംഭവത്തിൽ 30 പേർക്ക് പരിക്കേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ആറു പേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി.
വൈകിട്ട് അഞ്ചര മണിയോടെ കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് പിതാംബരൻ, ഗോകുൽ എന്നീ ആനകൾ ഇടഞ്ഞത്. ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ ഭാഗമായ വരവ് വരുന്നതിനിടെ പടക്കം പൊട്ടിച്ചിരുന്നു. പടക്കത്തിന്‍റെ ശബ്ദം കേട്ടാണ് ആന ഇടഞ്ഞത്. ഇടഞ്ഞ ആന സമീപത്ത് നിന്നിരുന്ന മറ്റൊരാനയുടെ പിന്നിൽ കുത്തുകയായിരുന്നു. ഈ സമയത്ത് രണ്ട് ആനകളും ഇടഞ്ഞോടി. ക്ഷേത്രപരിസരത്ത് നിന്ന് പ്രധാന റോഡിലേക്കാണ് ആനകൾ ഓടിയത്.
അവസാന ദിനമായ ഇന്ന് വൈകിട്ട് ഉത്സവത്തിൽ പങ്കെടുക്കാൻ കൂടുതൽ പേർ ക്ഷേത്രത്തിലേക്ക് എത്തുന്നതിനിടെയാണ് സംഭവം. ആനകൾ വിരണ്ടതോടെ പരിഭ്രാന്തരായ ജനങ്ങൾ ചിതറിയോടി. ഓടുന്നതിനിടെ മറിഞ്ഞ് വീണാണ് കൂടുതൽ പേർക്കും പരിക്കേറ്റത്.
ഉത്സവത്തിനായി ക്ഷേത്രത്തിന് സമീപം തയാറാക്കിയ ദേവസ്വം ഓഫിസും ആന തകർത്തു. ഏറെ നേരത്തെ പരിശ്രമത്തെ തുടർന്ന് രണ്ട് ആനകളെയും തളച്ചു. 12 വർഷം മുമ്പ് മണക്കുളങ്ങര ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞിരുന്നുവെങ്കിലും ആളപായമില്ലായിരുന്നു.