തിരുവനന്തപുരം: കിഫ്ബി റോഡുകള്‍ക്ക് യൂസര്‍ ഫീ ഈടാക്കുന്നത് സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബിയെ വരുമാനം ഉണ്ടാക്കുന്ന മാതൃകയാക്കി മാറ്റണം. യൂസര്‍ഫീയില്‍ നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ടുതന്നെ കിഫ്ബിയുടെ ലോണുകള്‍ തിരിച്ചടയ്ക്കുന്നതിനുള്ള സാധ്യത തെളിയും. അതുവഴി സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്‍ഡ് കാലക്രമേണ ഘട്ടം ഘട്ടമായി ഒഴിവാക്കാനാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു
കേന്ദ്ര സര്‍ക്കാരിന്റെ അവഗണന കാരണമാണ് കിസ്ബിയില്‍ വരുമാനം കണ്ടെത്തുന്നതിനെക്കുറിച്ച് ആലോചിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ചരിത്രത്തിലെ നൂതനവും ധീരവുമായ കാല്‍വെയ്പാണ് കിഫ്ബി. മികച്ച സാമ്പത്തിക മാതൃക കൂടിയാണിത്. കിഫ്ബിയുടെ വളര്‍ച്ചയ്ക്ക് എല്ലാവരുടെയും സഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണങ്ങളെ മുഖ്യമന്ത്രി ശക്തമായി പ്രതിരോധിച്ചു. കിഫ്ബിയുടെ നേട്ടങ്ങള്‍ പ്രതിപക്ഷ നേതാവിനെ ചൊടിപ്പിക്കുന്നതില്‍ അസ്വാഭാവികതയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയെ കുറിച്ച് പ്രതിപക്ഷ നേതാവ് നടത്തിയത് നാടിനെ ആകെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ്. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത വാദങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിക്കുന്നത്. കിഫ്ബിയുടെ പണം നിങ്ങളുടെ തറവാട് സ്വത്ത് വിറ്റ് ബാങ്കിലിട്ട പണമല്ല എന്നായിരുന്നു പ്രതിപക്ഷ നേതാവ് പറഞ്ഞത്. വിഷയങ്ങളെ പ്രതിപക്ഷ നേതാവ് യാഥാസ്ഥിതികമായാണ് കാണുന്നത് എന്നതിന്റെ തെളിവാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിയില്‍ സിഎജി ഓഡിറ്റ് നടക്കുന്നില്ല എന്നുള്ളത് വസ്തുതാ വിരുദ്ധമായ ആക്ഷേപമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയെ ഓഡിറ്റ് ചെയ്യാനുള്ള പൂര്‍ണ അധികാരം സിഎജിക്ക് ഉണ്ട്. കിഫ്ബിയില്‍ ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ രേഖാമൂലം സിഎജിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ഇതൊന്നും പ്രതിപക്ഷ നേതാവ് അറിയുന്നില്ല എന്ന് തോന്നുന്നു. പ്രതിപക്ഷനേതാവ് ഇതൊക്കെ പരിശോധിക്കാന്‍ സമയം കണ്ടെത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.