തൃശൂർ: യുഎസ് സന്ദർശനത്തിന് ഒരുങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മോദിക്ക് മുൻപ് അമേരിക്ക സന്ദർശിച്ചത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ്. അതിന് ശേഷമാണ് പ്രധാനമന്ത്രി പോകുന്നത്. രണ്ട് സന്ദർശനങ്ങളും യാദൃശ്ചികമായി കാണാൻ കഴിയില്ലെന്നും പിണറായി വിജയൻ പറഞ്ഞു. സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ആയുധ കച്ചവടത്തിലാണ് നരേന്ദ്ര മോദി യുഎസിലേക്ക് പോവുന്നത് എന്നാണ് പിണറായി വിജയൻ ആരോപിക്കുന്നത്. കേരളത്തിനെ ബജറ്റിൽ അവഗണിച്ചതിനും പിണറായി വിമർശിച്ചു. കേരളത്തെ ശത്രുതാ മനോഭാവത്തോടെയാണ് കേന്ദ്രം കാണുന്നത്. എന്ത് കുറ്റമാണ് കേരളം ചെയ്‌തത്? ഒരുപാട് നേട്ടങ്ങളുടെ കഥകൾ പറയാനുള്ള നാടാണ് കേരളം. നമ്മൾ പറയുന്നതല്ല അത്, മറിച്ച് കേന്ദ്ര സർക്കാർ അടക്കം ചാർത്തി തന്നിട്ടുള്ള മികവുകളാണ്. പക്ഷേ ബജറ്റ് വരുമ്പോൾ തഴയപ്പെടുന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി.
കേരളത്തിന് അർഹമായ കാര്യങ്ങൾ അനുവദിക്കണം. നമുക്ക് അർഹതയില്ല എന്ന് ആരും പറയില്ല. ആരോഗ്യ മേഖലയിൽ ഇന്ത്യയിൽ മികച്ച ഇടമാണ് കേരളം. ഇത് കേന്ദ്രവും അംഗീകരിച്ചതാണ്. എന്നാൽ നമുക്ക് എയിംസ് ഇല്ല. എയിംസ് അനുവദിക്കണമെന്ന് പതിറ്റാണ്ടുകൾക്ക് മുൻപേ നമ്മൾ ആവശ്യപ്പെടുന്നതാണ്. എയിംസിന് നാല് സ്ഥലങ്ങൾ നിർദ്ദേശിച്ചു. ഒരു പ്രത്യേക സ്ഥലം വേണമെന്ന് പറഞ്ഞപ്പോൾ അതും നൽകി; പിണറായി പറയുന്നു.
കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാരെയും പിണറായി വിമർശിച്ചു. അവർ നെറികേടിന്റെ ഭാഗമാണെന്നും നെറികെട്ട ഭാഷയാണ് അവരുടേതെന്നും അദ്ദേഹം പറഞ്ഞു. കേരളം എന്ന പേര് പോലും പരാമർശിക്കാത്ത ബജറ്റാണ് കഴിഞ്ഞത്. കേന്ദ്ര സർക്കാരിന്റെ നടപടികൾ കൂടുതൽ ജനദ്രോഹപരമാവുകയാണ്.കേരളത്തിന് തഴഞ്ഞത് സ്വാഭാവികമായ കാര്യം മാത്രമാണ്; മുഖ്യമന്ത്രി വ്യക്തമാക്കി
കർഷകരെ ദ്രോഹിക്കുന്ന നടപടികൾ വീണ്ടും ഉണ്ടാവുകയാണ്. തൊഴിലുറപ്പ് പദ്ധതിയിൽ വലിയ വെട്ടിക്കുറവ് നേരിടുന്നു. പദ്ധതിയിൽ ഒരു പൈസ പോലും വർധിപ്പിക്കാൻ ഈ ബജറ്റിൽ കേന്ദ്ര സർക്കാർ തയ്യാറായില്ല. രാജ്യത്ത് പാവപ്പെട്ടവർ കൂടുതൽ കൂടുതൽ പാവപ്പെട്ടവരാവുകയും സമ്പന്നർ വീണ്ടും സമ്പന്നരാവുകയുമാണ് ചെയ്യുന്നതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
അതേസമയം, കേന്ദ്രബജറ്റിൽ കേരളത്തിനെ പൂർണമായി അവഗണിച്ചുവെന്നാണ് സിപിഎം-കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്. ഉരുൾപൊട്ടൽ ദുരിതം വിതച്ച വയനാടിന് ആശ്വാസം പകരുന്ന ഒരു പ്രഖ്യാപനവും ബജറ്റിൽ ഉണ്ടായിരുന്നില്ല. മാത്രമല്ല കേരളം കാലങ്ങളായി ഉന്നയിക്കുന്ന എയിംസ് അടക്കമുള്ള ആവശ്യങ്ങളും കേന്ദ്ര സർക്കാർ പരിഗണിച്ചിരുന്നില്ല.