Friday, July 4, 2025
HomeNewsവീട് നിർമിക്കുന്നതിന് 10 സെന്റ്, വാണിജ്യ ആവശ്യത്തിന് 5 സെന്റ്: ഭൂമി തരംമാറ്റത്തിന് ഇനി അനുമതി...

വീട് നിർമിക്കുന്നതിന് 10 സെന്റ്, വാണിജ്യ ആവശ്യത്തിന് 5 സെന്റ്: ഭൂമി തരംമാറ്റത്തിന് ഇനി അനുമതി ആവശ്യമില്ല

തിരുവനന്തപുരം: 2018-ലെ നെൽവയൽ തണ്ണീർത്തട സംരക്ഷണ (ഭേദഗതി) നിയമ പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ‘നിലം’ ഇനത്തിൽപ്പെട്ട 4.04 ആർ (10 സെന്റ്)വിസ്തൃതിയുള്ള ഭൂമിയിൽ 120 ച.മീ (129167 ചതുരശ്ര അടി) വിസ്തീർണമുള്ള വീട് നിർമിക്കുന്നതിന് ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ല. അതുപോലെ പരമാവധി 2.02 ആർ (അഞ്ച് സെന്റ്)വിസ്തൃതിയുള്ള ഭൂമിയിൽ 40 ച. മീ (430.56 ച.അടി) വരെ വിസ്തീർണ്ണമുള്ള വാണിജ്യ കെട്ടിടത്തിൻ്റെ നിർമാണത്തിനും നിയമത്തിലെ 27(എ) വകുപ്പു പ്രകാരമുള്ള ഭൂമി തരംമാറ്റ അനുമതി ആവശ്യമില്ലെന്ന് തദ്ദേശ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി അനുപമയുടെ ഉത്തരവ്.

ഇത്തരം വിടുകളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും നിർമാണത്തിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ നിന്ന് പെർമിറ്റിന് അപേക്ഷിക്കുമ്പോൾ യാതൊരു കാരണവശാലും തരംമാറ്റ അനുമതി ആവശ്യപ്പെടാൻ പാടില്ലെന്നാണ് ഉത്തരവിൽ പറയുന്നു. ഈ ഒഴിവാക്കൽ ഒരിക്കൽ മാത്രമേ അനുവദിക്കാൻ പാടുള്ളു. സെൽഫ് സർട്ടിഫിക്കേഷന് കൂടി അർഹതയുള്ള ലോ റിസ്ക് കെട്ടിടമായതിനാൽ കാലതാമസമില്ലാതെ അപേക്ഷകൾ തീർപ്പാക്കുന്നുവെന്നും സ്ഥലപരിശോധന മുതലായവ ആവശ്യമുള്ള കേസുകളിൽ സമയബന്ധിതമായി ഉദ്യോഗസ്ഥർ അത് നിർവഹിക്കുന്നുവെന്നും തദ്ദേശസ്ഥാപന സെക്രട്ടറിമാർ ഉറപ്പുവരുത്തണം.

നിലവിൽ തദ്ദേശസ്ഥാപനങ്ങളിലെ ഈ ആനുകൂല്യം ലഭ്യമായ എല്ലാ അപേക്ഷകളും 2025 ഫെബ്രുവരി 28ന് മുൻപായി തീർപ്പാക്കണം. ഇക്കാര്യം അപേക്ഷകനെ അറിയിക്കണം. തീർപ്പാക്കുന്നതിനു വേണ്ടി കൂടുതൽ രേഖകൾ, അപേക്ഷകൻറെ സാന്നിധ്യം എന്നിവ ആവശ്യമുള്ള കേസുകളിൽ ഫെബ്രുവരി 27, 28 തീയതികളിലായി എല്ലാ തദ്ദേശസ്ഥാപനങ്ങളും അദാലത്തുകൾ സംഘടിപ്പിക്കണം. പൂർണമായി എല്ലാ അപേക്ഷകളും തീർപ്പാക്കണം. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് ഉത്തരവ്.

അപേക്ഷകരുടെ കൈവശമുള്ള വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ വിസ്തീർണ്ണം എത്രതന്നെ ആയാലും പരമാവധി 4.04 ആർ വിസ്തൃതിയിലുള്ള ഭൂമിയിൽ 120 ചതുരശ്രമീറ്റർ വിസ്തീർണ്ണമുള്ള വീട് നിർമിക്കുന്നതിന് നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമത്തിലെ വകുപ്പ് 27(എ) പ്രകാരമുള്ള യാതൊരു അനുമതിയും ആവശ്യമില്ല. എന്നാൽ, ഇളവ് ലഭിക്കുന്ന ഭൂമിക്ക്, റവന്യൂ രേഖകളിൽ തരം മാറ്റം, സ്വഭാവവ്യതിയാനം വരുത്തേണ്ടതുണ്ടെങ്കിൽ, അപേക്ഷകർ ചട്ടപ്രകാരമുള്ള ഫീസടക്കണം.

എന്നാൽ, ഇത്തരത്തിൽ ആനുകൂല്യമുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിനും തരംമാറ്റത്തിനായി അപേക്ഷകർ റവന്യൂ അധികാരികളെ ഇപ്പോഴും സമീപിക്കുന്ന സ്ഥിതിയും തരം മാറ്റാത്ത കേസുകളിൽ ബിൽഡിങ് പെർമിറ്റ് നിഷേധിക്കുന്ന സ്ഥിതിയും നിലവിലുണ്ട്. അപേക്ഷകൾ പരിശോധിച്ച് ആനുകൂല്യം അവർക്ക് ലഭ്യമാണ് എന്നത് അപേക്ഷകനെ അറിയിക്കേണ്ടത് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ചുമതലയാണ്.

ജീവനക്കാർ പലപ്പോഴും ഇതിന് തയാറാകാത്ത സ്ഥിതിയുണ്ട്. അതിനാൽ 2018-ൽ നെൽവയൽ തണ്ണീർത്തട നിയമത്തിൽ ഭേദഗതി വരുത്തിയതിന്റെ ആനുകൂല്യം ജനങ്ങൾക്ക് ലഭിക്കുന്നില്ല. അപേക്ഷകൾ സ്വീകരിക്കാതെയും വസ്തുതകൾ മനസിലാക്കാതെയും ഉദ്യോഗസ്ഥർ വരുത്തുന്ന കാലതാമസം കാരണം ലൈഫ് ഗുണഭോക്താക്കളടക്കം നിരവധി പേരാണ് ബുദ്ധിമുട്ട് അനുഭവിക്കുന്നത്. ഇത് ഉദ്യോഗസ്ഥതലത്തിൽ വരുത്തുന്ന ഗുരുതരമായ അനാസ്ഥയാണെന്നും ഉത്തരവിൽ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments