വാഷിങ്ടൺ : ഗാസ യുഎസ് ഏറ്റെടുത്താൽ പലസ്തീൻ ജനതയ്ക്ക് അവകാശമുണ്ടാവില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ട്രംപിന്റെ പരാമർശം. പലസ്തീനിലെ ജനങ്ങൾക്ക് മികച്ച പാർപ്പിട സൗകര്യം അറബ് രാജ്യങ്ങളിൽ ഒരുക്കും. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി ഇന്ന് വൈറ്റ് ഹൗസിൽ നടത്തുന്ന കൂടികാഴ്ചയിൽ പലസ്തീനിലെ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് ഡോണൾഡ് ട്രംപ് ആവശ്യപ്പെടും.
ഗാസ വാങ്ങുകയും സ്വന്തമാക്കുകയും ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ‘ഗാസ ഇടിച്ചുനിരത്തിയ ഇടമാണ്. അവശേഷിക്കുന്നതും പൂർണമായി നിരത്തും. അവിടെ ഇനി ഹമാസ് അടക്കം ആരുമുണ്ടാവില്ല. ഗാസ ഒരു വലിയ റിയൽ എസ്റ്റേറ്റ് സ്ഥലമാണ്. അമേരിക്ക അതു സ്വന്തമാക്കും. മനോഹരമായി പുനർനിർമിക്കും ’ – ട്രംപ് പറഞ്ഞു. എന്നാൽ, എന്ത് അധികാരത്തിലാണ് യുഎസ് ഇതു ചെയ്യാൻ പോകുന്നതെന്നു ട്രംപ് വ്യക്തമാക്കിയില്ല.