ബെർലിൻ: യൂറോപ്യൻ യൂണിയനെതിരെ (ഇയു) അമേരിക്ക താരിഫ് ഏർപ്പെടുത്തിയാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ തിരിച്ചടിക്കാൻ യൂറോപ്പിന് കഴിയുമെന്ന് ജര്‍മനിയിലെ ചാൻസലര്‍. ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ആണ് ട്രംപിന്‍റെ ഭീഷണിക്ക് മറുപടി നൽകിയത്. ഫെബ്രുവരി 23ന് നടക്കുന്ന ജർമൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി എതിരാളിയായ ഫ്രെഡറിക് മെർസുമായുള്ള ചർച്ചക്കിടെയായിരുന്നു ഷോൾസിന്‍റെ വാക്കുകൾ. അമേരിക്ക തീരുവ ഏർപ്പെടുത്തിയാൽ യൂറോപ്യൻ യൂണിയന്‍റെ പ്രതികരണം എങ്ങനെയാകുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷോൾസ്.
യൂറോപ്യൻ യൂണിയൻ എന്ന നിലയിൽ തങ്ങൾക്ക് ഒരു മണിക്കൂറിനുള്ളിൽ നടപടിയെടുക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രതികരിച്ചു. 27 അംഗ രാജ്യങ്ങളുടെ കൂട്ടായ്മയായ യൂറോപ്യൻ യൂണിയന് മേൽ തീരുവ ചുമത്തുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.ഇതിന് ശേഷം യൂറോപ്പുമായുള്ള അമേരിക്കയുടെ വ്യാപാര അന്തരീക്ഷം വഷളായിട്ടുണ്ട്. 2018ൽ തന്റെ ആദ്യ ഭരണകാലത്ത്, ട്രംപ് യൂറോപ്യൻ യൂണിയനു മേൽ സ്റ്റീൽ, അലുമിനിയം കയറ്റുമതിയിൽ തീരുവ ചുമത്തിയിരുന്നു.
ഇതോടെ വിസ്കി, മോട്ടോർ സൈക്കിളുകൾ എന്നിവയുൾപ്പെടെയുള്ള അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് താരിഫുകൾ ചുമത്തിയുള്ള തിരിച്ചടിയാണ് യൂറോപ്യൻ യൂണിയൻ നല്‍കിയത്.