Friday, June 13, 2025
HomeNewsജനസംഖ്യാ ദൗര്‍ബല്യം ചൈനക്ക് ഭീഷണിയാവുന്നോ? വിവാഹ രജിസ്‌ട്രേഷന്‍ കുറയുന്നു, ചൈന ആശങ്കയില്‍

ജനസംഖ്യാ ദൗര്‍ബല്യം ചൈനക്ക് ഭീഷണിയാവുന്നോ? വിവാഹ രജിസ്‌ട്രേഷന്‍ കുറയുന്നു, ചൈന ആശങ്കയില്‍

ബെയ്ജിങ്: ചൈനയില്‍ വിവാഹങ്ങളുടെ നിരക്ക് ക്രമാതീതമായി കുറയുന്നത് അധികൃതരെ ആശങ്കയിലാക്കുന്നു. വിവാഹ രജിസ്‌ട്രേഷനുകളില്‍ 20% ഇടിവാണുണ്ടായത്. മുന്‍വര്‍ഷം 76.8 ലക്ഷം പേര്‍ വിവാഹം രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ ഇപ്പോഴത് 61 ലക്ഷമായി കുറഞ്ഞു. ഈ ഇടിവാണ് ആശങ്കയ്ക്ക് വകവെച്ചിരിക്കുന്നത്. രാജ്യത്തെ ജനസംഖ്യാ വളര്‍ച്ചയ്ക്ക് വേണ്ടി വിവാഹവും കുട്ടികളെ പ്രസവിക്കുന്നതും ഭരണകൂടം സജീവമായി പ്രോത്സാഹിപ്പിച്ചിട്ടും വലിയ ഇടിവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് റിപ്പോർ‌ട്ടുകൾ സൂചിപ്പിക്കുന്നു.

അഭൂതപൂര്‍വമായ ഇടിവാണ് വിവാഹങ്ങളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നതെന്ന് വിസ്‌കോന്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയിലെ ജനസംഖ്യാവിദഗ്ദനായ യി ഫുക്‌സിയാന്‍ വിലയിരുത്തുന്നു. 2013 ല്‍ 1.34 ലക്ഷത്തോളം വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നിടത്ത് കഴിഞ്ഞ വര്‍ഷം അതിന്റെ പകുതിയില്‍ താഴെ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ചൈനീസ് ഭരണകൂടത്തിന്റെ രാഷ്ട്രീയ സാമ്പത്തിക പ്രതീക്ഷകള്‍ ജനസംഖ്യാ ദൗര്‍ബല്യം കാരണം തകര്‍ക്കപ്പെട്ടേക്കുമെന്നും ഫുക്‌സിയാന്‍ ചൂണ്ടിക്കാട്ടി.

ജനസംഖ്യയില്‍ ലോകത്തെ രണ്ടാം സ്ഥാനത്തുള്ള ചൈനയിലെ ജനങ്ങള്‍ക്ക് അതിവേഗം പ്രായമായിക്കൊണ്ടിരിക്കുകയാണ്. ഏകദേശം 30 കോടിയിലേറെ പേര്‍ വരുന്ന ദശകത്തില്‍ വിരമിക്കല്‍ പ്രായത്തിലെത്തും. യുഎസിന്റെ ജനസഖ്യക്ക് തുല്യമാണിത്. ദശാബ്ദങ്ങളായി ജനനനിരക്കില്‍ വലിയ ഇടിവാണുള്ളത്. അതിന് പ്രധാന കാരണമായത് 1980-2015 കാലങ്ങളില്‍ നിലനിന്ന രാജ്യത്തിന്റെ ‘ഒരു കുട്ടി’ നയവും അതിവേഗമുള്ള നഗരവത്കരണവുമാണ്.

ആശങ്കയിലായ അധികാരികള്‍ വിവാഹവും പ്രസവവും പ്രോത്സാഹിപ്പിക്കാന്‍ വിവിധ പരിപാടികള്‍ നടപ്പിലാക്കിയിട്ടുണ്ട്. വിവാഹം, സ്‌നേഹബന്ധം, പ്രത്യുത്പാദനം, കുടുംബം എന്നിവയുടെ നല്ലവശങ്ങളെ കുറിച്ചുള്ള ബോധവത്കരണ പരിപാടികള്‍ അക്കൂട്ടത്തിലുണ്ട്.എന്നാല്‍ ഈ ശ്രമങ്ങളെല്ലാം നടത്തിയിട്ടും വിവാഹങ്ങളുടെ എണ്ണത്തിലും ജനന നിരക്കിലും യാതൊരു പുരോഗതിയുമുണ്ടായില്ല. കോവിഡ് കാലത്തിന് ശേഷം മൂന്നാം വര്‍ഷവും ജനസഖ്യയിലെ കുറവ് തുടരുകയാണ്.

ഇതിന് പുറമെ രാജ്യത്ത് വിവാഹ മോചന അപേക്ഷകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. 26 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം വിവാഹമോചനം നേടിയത്. 2023 നെ അപേക്ഷിച്ച് 1.1 ശതമാനം വര്‍ധനവാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments