ദുബായ് : ഗതകാല സമൃദ്ധിയുടെ സ്മൃതികളുണര്‍ത്തുന്ന തിരുവോണം പ്രവാസ ലോകത്തെ മലയാളികൾ ഗംഭീരമായി ആഘോഷിക്കുന്നു. മലയാളികളോടൊപ്പം ഇതര രാജ്യക്കാരും സ്വദേശികളും ആഘോഷത്തിൽ പങ്കെടുക്കുന്നു എന്നതാണ് ഗൾഫിലെ ഓണാഘോഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അന്യ രാജ്യക്കാരാണ് ഓണാഘോഷത്തിൽ പങ്കുചേരുന്നത്.
ദുബായ് ഇസിഎച് ഡിജിറ്റലിൽ നടന്ന ഒാണാഘോഷം. കേരളീയ വസ്ത്രമണിഞ്ഞെത്തി പൂക്കളിമിടാനും സദ്യ വിളമ്പാനും ഇവർക്ക് ഏറെ താത്പര്യമാണ്. സഹപ്രവർത്തകരിൽ നിന്ന് ഓണത്തെക്കുറിച്ച് കേട്ടറിഞ്ഞ ഇവർ എല്ലാവരും ഒത്തൊരുമയോടെ സന്തോഷിക്കുന്ന ഇത്തരമൊരു ആഘോഷം തങ്ങളുടെ നാട്ടിലില്ലെന്ന് ഖേദിക്കുകയും ചെയ്യുന്നു.
ദുബായ് മുഹൈസിന ലുലുവില്ലേജിലെ മലയാളി റസ്റ്ററന്റ് ജീവനക്കാർ ഒാണവസ്ത്രമണിഞ്ഞ് സെൽഫിയെടുക്കുന്നു. എല്ലാ മനുഷ്യരേയും ഒന്നായി കണ്ട മാവേലിത്തമ്പുരാൻ മലയാളികളുടെ മഹാഭാഗ്യമാണെന്ന് ഫിലിപ്പീൻ സ്വദേശിനി മരിയ പറഞ്ഞു. സാരിയുടുത്ത് മുല്ലപ്പൂ ചൂടിയാണ് മിക്കവരും ഓണാഘോഷത്തിൽ പങ്കുകൊള്ളുന്നത്. ഇന്ന് വാരാന്ത്യ, നബിദിന അവധിയായതിനാൽ മലയാളികൾക്ക് തിരുവോണദിവസം തന്നെ ആഘോഷിക്കാൻ കഴിഞ്ഞു എന്ന പ്രത്യേകതയുമുണ്ട്.