റിയാദ്: മലയാളിയെ തലക്കടിച്ചുകൊന്ന് അയാൾ ജോലി ചെയ്തിരുന്ന വ്യാപാരസ്ഥാപനം കൊള്ളയടിച്ച രണ്ട് പ്രതികളെ റിയാദിൽ വധശിക്ഷക്ക് വിധേയമാക്കി. കടയിലെ ജീവനക്കാരനായ സിദ്ദീഖ് ഇഞ്ചമണ്ടിപുറാക്കൽ എന്നയാളെ കൊലപ്പെടുത്തി കൊള്ളയടിച്ച കേസിലെ പ്രതികളായ സൗദി പൗരൻ റയാന്‍ ബിന്‍ ഹുസൈന്‍ ബിന്‍ സഅദ് അല്‍ശഹ്‌റാനി, യമനി പൗരൻ അബ്ദുല്ല അഹമ്മദ് ബാസഅദ് എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയത്. ശനിയാഴ്ച രാവിലെ റിയാദിൽ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയമാണ് അറിയിച്ചത്.
റിയാദിൽ പ്രവർത്തിച്ചിരുന്ന വ്യാപാരസ്ഥാപനത്തിൽ ആരുമില്ലാത്ത സമയത്ത് മാരാകായുധങ്ങളുമായി കടന്നുകയറി ജീവനക്കാരനെ ക്രൂരമായി ആക്രമിക്കുകയും തലയിൽ പലതവണ ഇരുമ്പുവടികൊണ്ട് ആഞ്ഞടിച്ചു കൊലപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്. തുടർന്ന് കട കൊള്ളയടിച്ച് പണവും മറ്റ് സാധനങ്ങളും അപഹരിച്ചു. സംഭവമുണ്ടായ ഉടനെ തന്നെ റിയാദ് പൊലീസ് രണ്ട് പ്രതികളെയും പിടികൂടുകയും കുറ്റന്വേഷണ വിഭാഗം വിശദമായ അന്വേഷണം നടത്തി പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തുകയുമായിരുന്നു.
റിയാദ് ക്രിമിനൽ കോടതി പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ഇത് ശരിവെക്കുകയും ശിക്ഷ നടപ്പാക്കാന്‍ സല്‍മാന്‍ രാജാവ് അനുമതി നൽകകയും ചെയ്തതിനെ തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയതെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
കൊല്ലപ്പെട്ട മലയാളിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ഇന്ത്യൻ പൗരനായ ‘സിദ്ദീഖ് ഇഞ്ചമണ്ടിപുറാക്കൽ’ എന്ന വിവരം മാത്രമേ മന്ത്രാലയത്തിെൻറ പ്രസ്താവനയിലുള്ളൂ. എന്നാൽ കൊല്ലപ്പെട്ടയാൾ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണെന്ന് അറിയുന്നു.