Tuesday, May 6, 2025
HomeGulfമള്‍ട്ടിപ്പിള്‍ വിസ നിര്‍ത്തി വെച്ചു, സിംഗിള്‍ എന്‍ട്രി വിസയിലേക്ക് ഒതുക്കി സൗദി അറേബ്യ: പ്രവാസികൾക്ക്...

മള്‍ട്ടിപ്പിള്‍ വിസ നിര്‍ത്തി വെച്ചു, സിംഗിള്‍ എന്‍ട്രി വിസയിലേക്ക് ഒതുക്കി സൗദി അറേബ്യ: പ്രവാസികൾക്ക് ആശങ്കയേറുന്നു

റിയാദ്: ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെ സിംഗിള്‍ എന്‍ട്രി വിസയിലേക്ക് പരിമിതപ്പെടുത്തി സൗദി അറേബ്യ. ഫെബ്രുവരി ഒന്ന് മുതലുള്ള മുന്‍കാല പ്രാബല്യത്തോടെയാണ് സൗദി അറേബ്യ വിസ നയത്തില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ദീര്‍ഘകാല സന്ദര്‍ശന വിസയില്‍ രാജ്യത്ത് പ്രവേശിക്കുന്ന അനധികൃത ഹജ്ജ് തീര്‍ഥാടകരെ തടയിടാനാണ് ഈ നീക്കം.

ഇന്ത്യയെ കൂടാതെ അള്‍ജീരിയ, ബംഗ്ലാദേശ്, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാഖ്, ജോര്‍ദാന്‍, മൊറോക്കോ, നൈജീരിയ, പാകിസ്ഥാന്‍, സുഡാന്‍, ടുണീഷ്യ, യെമന്‍ എന്നീ രാജ്യങ്ങളെ ബാധിക്കുന്നതാണ് പുതിയ നടപടി. നയ മാറ്റത്തിന്റെ ഭാഗമായി, ഈ രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസം, ബിസിനസ്, കുടുംബ സന്ദര്‍ശനങ്ങള്‍ക്കുള്ള ഒരു വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ സൗദി സര്‍ക്കാര്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചു.

പുതുക്കിയ നിയമങ്ങള്‍ പ്രകാരം ഈ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് 30 ദിവസത്തേക്ക് സാധുതയുള്ള സിംഗിള്‍ എന്‍ട്രി വിസകള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. ഇതുവഴി രാജ്യത്ത് പരമാവധി 30 ദിവസത്തെ താമസം മാത്രമെ ലഭ്യമാകൂ. അതേസമയം ഹജ്ജ്, ഉംറ, നയതന്ത്ര, റസിഡന്‍സി വിസകളെ പുതിയ നയം ബാധിക്കില്ല. മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് സൗദി അധികൃതര്‍ സൂചിപ്പിച്ചു.

ചില യാത്രക്കാര്‍ ദീര്‍ഘകാല വിസകളില്‍ രാജ്യത്തേക്ക് പ്രവേശിക്കുകയും പിന്നീട് ശരിയായ അനുമതിയില്ലാതെ ജോലി ചെയ്യുന്നതിനോ ഹജ്ജ് നിര്‍വഹിക്കുന്നതിനോ അധികമായി തങ്ങുകയും ചെയ്യുന്നുണ്ട് എന്നാണ് അധികൃതര്‍ പറയുന്നത്. ഓരോ രാജ്യത്തിനും പ്രത്യേക തീര്‍ത്ഥാടന ക്വാട്ട അനുവദിച്ചുകൊണ്ടാണ് സൗദി ഗവണ്‍മെന്റ് ഹജ്ജ് സീസണില്‍ കര്‍ശന നിയന്ത്രണം നിലനിര്‍ത്തുന്നത്.

എന്നാല്‍ അടുത്തകാലത്തായി ദീര്‍ഘകാല വിസകളിലൂടെ വിനോദസഞ്ചാരികള്‍ ഈ പരിധികള്‍ മറികടക്കുന്നുണ്ട്. 2024-ല്‍ കടുത്ത ചൂടും തിരക്കും കാരണം 1200-ലധികം തീര്‍ഥാടകര്‍ മരണമടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിസ നയം ആവിഷ്‌കരിക്കാന്‍ സൗദി നിര്‍ബന്ധിതരായത്. പുതിയ സിംഗിള്‍ എന്‍ട്രി വിസ നയം അംഗീകൃത തീര്‍ഥാടകര്‍ക്ക് മാത്രമേ ഹജ്ജ് നിര്‍വഹിക്കാന്‍ കഴിയൂ എന്ന് ഉറപ്പാക്കുമെന്നാണ് സൗദി ഭരണകൂടം പ്രതീക്ഷിക്കുന്നത്.

പുനരവലോകനത്തിനായി പ്രത്യേക സമയക്രമം നല്‍കിയിട്ടില്ലെങ്കിലും, മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ നിര്‍ത്തിവയ്ക്കുന്നത് താല്‍ക്കാലിക നടപടിയാണെന്നാണ് ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചത്. തുടര്‍നടപടികള്‍ തീരുമാനിക്കുന്നതിന് മുമ്പ് പുതിയ നയത്തിന്റെ സ്വാധീനം നിരീക്ഷിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments