റായ്പൂർ: ഛത്തീസ്ഗഡിൽ സുരാക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകളെ വധിച്ചതായി പൊലീസ്. ഏറ്റുമുട്ടലിൽ രണ്ടു ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥർ അറിയിച്ചു. മാവോയിസ്റ്റ് സാനിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സുരക്ഷാ സേനയുടെ സംയുക്ത സംഘം നടത്തിയ ഓപ്പറേഷനിടെയാണ് വെടിവയ്പ്പ് ഉണ്ടായത്.
ബിജാപൂർ ജില്ലയിലെ ഇന്ദ്രാവതി ദേശീയോദ്യാനത്തിലാണ് സംഭവം. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനുകളിൽ വൈദഗ്ദ്ധ്യം നേടിയ ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) അംഗങ്ങളായ ജവാൻമാരാണ് കൊല്ലപ്പെട്ടതെന്ന് ബസ്തർ റേഞ്ച് പൊലീസ് ഇൻസ്‌പെക്ടർ ജനറൽ സുന്ദർരാജ് പി അറിയിച്ചു.
ഏറ്റുമുട്ടലിൽ രണ്ടു ജവാന്മാർക്ക് പരിക്കേറ്റതായും ഇവരെ ഹെലികോപ്റ്റർ മാർഗം ആശുപത്രിയിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. ഇന്ദ്രാവതി ദേശീയോദ്യാനത്തിലെ ഉൾവനത്തിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ജനുവരി 12ന് ഇതേ പ്രദേശത്ത് മൂന്നു മാവോയിസ്റ്റുകൾ സുരക്ഷ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇന്ദ്രാവതി ദേശീയോദ്യാനത്തിൽ ഈ വർഷം നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. മാവോയിസ്റ്റുകളുടെ പ്രധാന താവളമയി കണക്കാക്കപ്പെടുന്ന പ്രദേശമാണ് അബുജ്മദിനോട് ചേർന്നുള്ള ഈ സ്ഥലം.
ഛത്തീസ്ഗഡിൽ ഉണ്ടായ വിവിധ ഏറ്റുമുട്ടലുകളിലായി 62 മാവോയിസ്റ്റുകളെയാണ് ഈ വർഷം സുരക്ഷ സേന വധിച്ചത്. 12 ജവാന്മാരും വിവിധ ഓപ്പറേഷനുകളിലായി വീരമൃത്യു വരിച്ചു. ബിജാപൂരിൽ നിന്നുള്ള അഞ്ച് പേർ ഉൾപ്പെടെ ഒമ്പത് പ്രദേശവാസികളും ഈ വർഷം കൊല്ലപ്പെട്ടിട്ടുണ്ട്.