Monday, June 16, 2025
HomeNewsതെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുൻപേ ബിജെപിയുടെ വൻ ഓഫർ: എഎപി യുടെ പരാതിയിൽ അന്വേഷണം

തെരഞ്ഞെടുപ്പു ഫലം വരുന്നതിനു മുൻപേ ബിജെപിയുടെ വൻ ഓഫർ: എഎപി യുടെ പരാതിയിൽ അന്വേഷണം

ന്യൂഡല്‍ഹി: ബിജെപി തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വേട്ടയാടാന്‍ ശ്രമിച്ചുവെന്ന എഎപിയുടെ ആരോപണത്തില്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേന ഇന്ന് അന്വേഷണത്തിന് അനുമതി നല്‍കി. ഫെബ്രുവരി 8 ന് വരാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് മുമ്പായി 16 എഎപി സ്ഥാനാര്‍ത്ഥികള്‍ക്ക് ബിജെപിയില്‍ നിന്ന് ഓഫറുകള്‍ ലഭിച്ചതായാണ് മുന്‍ മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ അവകാശ വാദം. ഈ വിഷയം അന്വേഷണം അര്‍ഹിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലഫ്റ്റനന്റ് ഗവര്‍ണര്‍ ആരോപണങ്ങള്‍ പരിശോധിക്കാന്‍ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

16 എഎപി സ്ഥാനാര്‍ത്ഥികള്‍ക്ക് ബിജെപിയില്‍ നിന്ന് ഓഫറുകള്‍ ലഭിച്ചതായും കൂറുമാറിയാല്‍ അവര്‍ക്ക് മന്ത്രി സ്ഥാനങ്ങളും 15 കോടി രൂപയും വാഗ്ദാനം ചെയ്തതായും സമൂഹമാധ്യമം വഴിയാണ് കെജ്രിവാള്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിലാണ് അന്വേഷണം വരുന്നത്.

‘ചില ഏജന്‍സികള്‍ കാണിക്കുന്നത് ബിജെപിക്ക് 55 ല്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നാണ്. കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളില്‍, ഞങ്ങളുടെ 16 സ്ഥാനാര്‍ത്ഥികള്‍ക്ക് ആം ആദ്മി പാര്‍ട്ടി വിട്ട് അവരുടെ പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അവരെ മന്ത്രിമാരാക്കുമെന്നും ഓരോരുത്തര്‍ക്കും 15 കോടി രൂപ നല്‍കുമെന്നും കോളുകള്‍ ലഭിച്ചു,’ കെജ്രിവാള്‍ കുറിച്ചതിങ്ങനെ. ബിജെപിയുടെ വിജയത്തെ സൂചിപ്പിക്കുന്ന എക്‌സിറ്റ് പോളുകളുടെ ആധികാരികതയെ അദ്ദേഹം ചോദ്യം ചെയ്തു. ‘അവര്‍ 55 ല്‍ കൂടുതല്‍ സീറ്റുകള്‍ നേടുന്നുണ്ടെങ്കില്‍, എന്തിനാണ് അവര്‍ ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വിളിക്കുന്നത്? ഈ വ്യാജ സര്‍വേകള്‍ എഎപി സ്ഥാനാര്‍ത്ഥികളെ തകര്‍ക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണ്. എന്നാല്‍ അവരില്‍ ഒരാള്‍ പോലും പാര്‍ട്ടി മാറില്ല,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, എഎപിയുടെ അവകാശവാദങ്ങള്‍ അപകീര്‍ത്തികരമാണെന്നും തിരഞ്ഞെടുപ്പ് ഫലത്തിന് മുമ്പ് തങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ബിജെപിയും മറുപടി പറഞ്ഞിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments